ആലപ്പുഴ: സിപിഐഎം നേതാക്കളുടെ ഭാര്യമാർക്ക് താൻ ജോലി വാങ്ങിനൽകിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി ജി. സുധാകരൻ. എച്ച്. സലാമിന്റെയും പി.പി. ചിത്തരഞ്ജന്റെയും ഭാര്യമാർക്ക് സഹകരണ വകുപ്പിന് കീഴിൽ ജോലി ലഭ്യമാക്കിയത് താനാണെന്ന് സുധാകരൻ പറഞ്ഞു.
തനിക്കെതിരെ സംസാരിച്ചവരുടെ അതേ ഭാഷയിൽ പ്രതികരിക്കാൻ താനില്ലെന്നും സുധാകരൻ വ്യക്തമാക്കി. എച്ച്. സലാമിന്റെ ഭാര്യ ജോലി ഇല്ലാതെ നിന്ന സമയത്ത് കയർ ക്ഷേമനിധിയിൽ താനാണ് ജോലി വാങ്ങിനൽകിയത്. 19 ഒഴിവുകൾ വന്നപ്പോൾ ആദ്യ നിയമനം അവർക്കായിരുന്നു. ചിത്തരഞ്ജന്റെ ഭാര്യക്ക് ആശുപത്രിയിലും ജോലി നൽകിയതായി സുധാകരൻ പറഞ്ഞു.
തന്റെ കുടുംബത്തിലെ ഒരാൾക്ക് പോലും താൻ ജോലി നൽകിയിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കി. ഭാര്യയുടെ സഹോദരി ബി.കോം, എച്ച്.ഡി.സി. യോഗ്യതയുള്ളയാളാണെങ്കിലും അവർക്ക് പോലും ജോലി നൽകിയിട്ടില്ല. താൻ ഒരാൾക്ക് ജോലി നൽകിയാൽ അതിനെക്കുറിച്ച് വലിയ പ്രചാരണം നടക്കുകയാണെന്നും എന്നാൽ ഇക്കാര്യങ്ങൾ കാണാൻ മാധ്യമങ്ങൾക്ക് താൽപര്യമില്ലെന്നും അദ്ദേഹം വിമർശിച്ചു.
സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ആരോപണങ്ങളിലും സുധാകരൻ വിശദീകരണം നൽകി. പൊതുജീവിതത്തിൽ താൻ ആരിൽനിന്നും നയാപൈസ പോലും വാങ്ങിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭാര്യ പ്രൊഫസറായി ജോലി ചെയ്ത് വർഷം ഒന്നേകാൽ ലക്ഷം രൂപ ശമ്പളം വാങ്ങിയിരുന്നു. വീട്ടുജോലിക്കാരിക്ക് വീട് വച്ചുനൽകുന്നതിനായാണ് ഭാര്യ സ്ഥലം വാങ്ങിയത്. വീട് പണിത് നൽകിയത് ഭാര്യ തന്നെയാണെന്നും സുധാകരൻ പറഞ്ഞു.
മകൻ ഗൾഫ് രാജ്യത്ത് റിയൽ എസ്റ്റേറ്റ് കമ്പനിയിൽ ജോലി ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭാര്യ സ്ഥലം വാങ്ങിയതും ബാങ്ക് അക്കൗണ്ടിലെ പണവും സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടണമെന്ന് എച്ച്. സലാം ഉൾപ്പെടെയുള്ള നേതാക്കൾ വെല്ലുവിളിച്ചതിന് മറുപടിയായാണ് സുധാകരന്റെ വിശദീകരണം.
മുഖ്യമന്ത്രി കൂടെയുള്ള മന്ത്രിമാരെ സൂക്ഷിക്കണമെന്നും സുധാകരൻ ഉപദേശിച്ചു. ഇക്കാര്യം മുഖ്യമന്ത്രി വി.ഡി. സതീശനോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വി.ഡി. സതീശൻ മികച്ച മുഖ്യമന്ത്രിയാണെന്നും ഇതുവരെ യാതൊരു അപാകതയും ഉണ്ടായിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. പറയുന്ന കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്ന വ്യക്തിയാണ് വി.ഡി. സതീശനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












