ന്യൂഡൽഹി: എയർ ഇന്ത്യ പൈലറ്റിനെ ഡൽഹിയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സണ്ണി അസ്‌ലാദേക്കർ എന്ന പൈലറ്റിനെയാണ് വസന്ത് കുഞ്ചിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡൽഹിയിൽ നിന്ന് സോളിലേക്കുള്ള വിമാനത്തിന്റെ ക്യാപ്റ്റനായിരുന്നു അദ്ദേഹം.
വെള്ളിയാഴ്ച വൈകുന്നേരമാണ് സണ്ണിയെ ഹോട്ടൽ മുറിയിൽ ബോധരഹിതനായി കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് എയർ ഇന്ത്യയുടെ പ്രാഥമിക വിശദീകരണം.
രണ്ടാമത്തെ വിമാനത്തിന് മുമ്പുള്ള വിശ്രമവേളയിലായിരുന്നു സണ്ണി ഹോട്ടലിൽ താമസിച്ചിരുന്നത്. വ്യാഴാഴ്ചയാണ് അദ്ദേഹം ഹോട്ടലിൽ മുറിയെടുത്തത്. വെള്ളിയാഴ്ച സണ്ണിയുടെ സഹോദരൻ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് ഹോട്ടൽ മാനേജരെ വിവരം അറിയിക്കുകയായിരുന്നു.
മാനേജർ മുറിയിലെത്തിയപ്പോൾ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. പലതവണ വിളിച്ചിട്ടും വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് മാസ്റ്റർ താക്കോൽ ഉപയോഗിച്ച് മുറി തുറന്നപ്പോഴാണ് സണ്ണിയെ ബോധരഹിതനായി കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു.
നേരത്തെ എയർ ഇന്ത്യ എക്സ്പ്രസിൽ ജോലി ചെയ്തിരുന്ന സണ്ണി രണ്ട് മാസം മുമ്പാണ് എയർ ഇന്ത്യയിൽ ചേർന്നത്. പുലർച്ചെ നടക്കേണ്ട വിമാനവും നിയന്ത്രിക്കാൻ അദ്ദേഹത്തിന് ചുമതല നൽകിയിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.












