വയനാട്: മാനന്തവാടി പേരിയയിൽ 19കാരിയെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീക്കണമെന്ന് നാട്ടുകാർ. ആലാറ്റിൽ മോനിച്ചൻ കുന്ന് ഊരിലെ അലീനയെയാണ് വെള്ളിയാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
മൂന്ന് ദിവസം മുൻപാണ് അലീന കുടുംബത്തോടൊപ്പം പിതാവിന്റെ സഹോദരിയുടെ വീട്ടിലെത്തിയത്. വീടിന് സമീപം താമസിക്കുന്നവർ പറയുന്നത്, മരിക്കുന്നതിന് തലേദിവസം അലീന ഉച്ചത്തിൽ നിലവിളിച്ച് വീട്ടിൽ നിന്ന് ഇറങ്ങി ഓടിയെന്നാണ്. കുടുംബാംഗങ്ങൾ പെൺകുട്ടിയെ ഉപദ്രവിച്ചിരുന്നുവെന്ന സംശയവും പ്രദേശവാസികൾ ഉന്നയിക്കുന്നുണ്ട്.
എന്നാൽ അലീനയ്ക്ക് കുറച്ച് ദിവസങ്ങളായി കടുത്ത മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെന്നാണ് കുടുംബം പൊലീസിന് നൽകിയ മൊഴി. അസ്വാഭാവികമായി പെരുമാറുകയും വീട്ടിൽ നിന്ന് ഇറങ്ങി ഓടുകയും ചെയ്തതോടെ മുറിയിൽ പൂട്ടിയിടുകയായിരുന്നുവെന്നും കുടുംബം പറയുന്നു.
വെള്ളിയാഴ്ച രാവിലെ മുറിയുടെ വാതിൽ തുറന്ന് നോക്കിയപ്പോൾ അലീനയ്ക്ക് ബോധമില്ലാത്ത നിലയിലായിരുന്നുവെന്നും ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചതെന്നും കുടുംബം മൊഴി നൽകിയിട്ടുണ്ട്.
എന്നാൽ കുടുംബത്തിന്റെ മൊഴി മാത്രം പൂർണമായി വിശ്വസിച്ച് അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം ആന്തരിക രക്തസ്രാവമാണ് മരണകാരണം. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയാണ്.












