പത്തനംതിട്ട: തിരുവല്ല പെരിങ്ങരയിൽ തോട്ടിലെ നിലയില്ലാ കയത്തിൽ വീണ വയോധികയെ അഗ്നിശമനസേന സാഹസികമായി രക്ഷപ്പെടുത്തി. പെരിങ്ങര പഞ്ചായത്ത് ഒമ്പതാം വാർഡിലെ വടക്കേ ചേലയിൽ വീട്ടിൽ അംബിക (80) ആണ് അപകടത്തിൽപ്പെട്ടത്.
ഓർമക്കുറവുള്ള അംബിക വീടിന് സമീപത്തെ തോട്ടിലേക്ക് അബദ്ധത്തിൽ തെന്നിവീഴുകയായിരുന്നു. നിലയില്ലാ കയത്തിൽ വീണ വയോധിക തോട്ടിൽ വീണുകിടന്നിരുന്ന വള്ളിയിൽ പിടിച്ചാണ് ഏറെനേരം കഴിഞ്ഞത്. ഇതാണ് ജീവൻ രക്ഷിക്കാൻ സഹായമായത്.
വിവരം ലഭിച്ചതിനെ തുടർന്ന് തിരുവല്ലയിൽ നിന്നുള്ള അഗ്നിശമനസേന സംഘം സ്ഥലത്തെത്തി. റോപ്പും ലാഡറും ഉപയോഗിച്ച് സേനാംഗങ്ങൾ അംബികയെ സുരക്ഷിതമായി കരകയറ്റുകയായിരുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആർ. സുജിത്തിന്റെ നേതൃത്വത്തിൽ ശ്രീകാന്ത്, അനിൽ കുമാർ, രാഹുൽ, അജ്മൽ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.












