ഷാർജ: ഷാർജ ഉപഭരണാധികാരി ശൈഖ് അബ്ദുള്ള ബിൻ സാലം അൽ ഖാസിമിയുടെ സഹോദരൻ ശൈഖ് മുഹമ്മദ് ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമിയുടെ നിര്യാണത്തിൽ ചലച്ചിത്രതാരം മമ്മൂട്ടി അനുശോചനം രേഖപ്പെടുത്തി. ഷാർജയിലെ രാജകൊട്ടാരത്തിലെത്തിയാണ് മമ്മൂട്ടി കുടുംബാംഗങ്ങളെ നേരിട്ട് കണ്ടത്.
രാജകൊട്ടാരത്തിൽ ഏകദേശം 20 മിനിറ്റോളം ചെലവഴിച്ച മമ്മൂട്ടി ശൈഖ് അബ്ദുള്ള ബിൻ സാലം അൽ ഖാസിമിയുമായി സൗഹൃദം പങ്കുവെക്കുകയും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ശൈഖ് മുഹമ്മദ് ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമി അന്തരിച്ചത്. ഷാർജയിൽ നടന്ന സ്റ്റേജ് ഷോയിൽ പങ്കെടുക്കുന്നതിനായാണ് മമ്മൂട്ടി യുഎഇയിലെത്തിയത്.
ഷാർജ റൂളേഴ്‌സ് ഓഫീസ് ചെയർമാൻ ശൈഖ് സാലം ബിൻ അബ്ദുറഹിമാൻ അൽ ഖാസിമി, ശൈഖ് അബ്ദുറഹിമാൻ ബിൻ സാലം അൽ ഖാസ്മി, ശൈഖ് ഫൈസൽ ബിൻ ഖാലിദ് അൽ ഖാസ്മി എന്നിവരെയും മമ്മൂട്ടി സന്ദർശിച്ചു. ആന്റോ ജോസഫും വി.ടി. സലീമും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. ശൈഖ് മുഹമ്മദ് ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമിയുടെ നിര്യാണത്തെ തുടർന്ന് ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു.














