കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഉപതെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. റെജിനഗർ മണ്ഡലത്തിൽ സാഖാരവ് സർക്കാരും നന്ദിഗ്രാമിൽ ഹാസിറാണി റാഥുമാണ് ബിജെപി സ്ഥാനാർഥികൾ.
നന്ദിഗ്രാമിലെ ബിജെപി സ്ഥാനാർഥിയായ ഹാസിറാണി റാഥ് മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ മുൻ പിഎ ആയിരുന്ന കൊല്ലപ്പെട്ട ചന്ദ്രനാഥ് റാഥിന്റെ അമ്മയാണ്. സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയതിന് പിന്നാലെയാണ് ചന്ദ്രനാഥ് റാഥ് കൊല്ലപ്പെട്ടത്.
പാർട്ടി മത്സരിക്കാൻ അവസരം നൽകിയതിൽ സന്തോഷമുണ്ടെന്നും നന്ദിഗ്രാമിലെ ജനങ്ങളുടെ പിന്തുണയോടെ മുന്നോട്ട് പോകുമെന്നും ഹാസിറാണി റാഥ് പ്രതികരിച്ചു. തൃണമൂൽ കോൺഗ്രസിന്റെ സഞ്ജിത പ്രധാനെയാണ് നന്ദിഗ്രാമിൽ ഹാസിറാണി റാഥിന്റെ എതിരാളി.
നിയമസഭാ തെരഞ്ഞെടുപ്പിൽ സുവേന്ദു അധികാരി രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ച് വിജയിച്ചിരുന്നു. തുടർന്ന് ഭവാനിപൂർ സീറ്റ് നിലനിർത്തിയതോടെയാണ് കിഴക്കൻ മേദിനിപൂർ ജില്ലയിലെ നന്ദിഗ്രാമിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
റെജിനഗറിൽ ആം ജനതാ ഉന്നയാൻ പാർട്ടി സ്ഥാപകൻ ഹുമയൂൺ കബീറാണ് നേരത്തെ വിജയിച്ചത്. നവാഡ മണ്ഡലം നിലനിർത്തിയതിനെ തുടർന്നാണ് റെജിനഗറിൽ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. ഇവിടെ കോൺഗ്രസിന്റെ മുഹമ്മദ് അബ്ദുല്ലാഹിൽ കാഫിയും തൃണമൂൽ കോൺഗ്രസിന്റെ റായിബുൽ അലം ചൗധരിയും മത്സരരംഗത്തുണ്ട്.
നന്ദിഗ്രാമിൽ സിപിഐയും റെജിനഗറിൽ സിപിഐഎമ്മും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബർ ആറിനാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. തമിഴ്നാട്, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ്.












