ഇംഫാൽ: മണിപ്പൂരിലെ താമെങ്‌ലോങ് ജില്ലയിൽ ഉണ്ടായ വെടിവെപ്പിൽ രണ്ട് കുക്കി സ്ത്രീകൾ കൊല്ലപ്പെട്ടു. ലെയ്സാങ്‌ഫൈ മേഖലയിലെ കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് സ്ത്രീകൾക്ക് നേരെ അജ്ഞാതരായ ആയുധധാരികൾ വെടിയുതിർത്തതെന്ന് പൊലീസ് അറിയിച്ചു.
ചോംഗ സിറ്റ്ലോ (60), കിംബോയ് സിങ്സൺ (30) എന്നിവരാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു സംഭവം. കൃഷിയിടത്തിൽ വിറക് ശേഖരിക്കുന്നതിനിടെയാണ് ചോംഗ സിറ്റ്ലോ ആക്രമിക്കപ്പെട്ടതെന്നാണ് വിവരം. നഴ്സിങ് പഠനം പൂർത്തിയാക്കിയ ശേഷം മാതാപിതാക്കളെ കൃഷിപ്പണിയിൽ സഹായിക്കാനായി നാട്ടിലെത്തിയതായിരുന്നു കിംബോയ് സിങ്സൺ.
ആക്രമണത്തിന് പിന്നാലെ പ്രദേശത്തെ ഏതാനും ഫാം ഹൗസുകൾക്ക് തീയിട്ടതായും നിരവധി ഗ്രാമവാസികളെക്കുറിച്ച് വിവരമില്ലെന്നും പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
സെപ്റ്റംബർ 13ന് താമെങ്‌ലോങ്, നോണി ജില്ലകളിലുണ്ടായ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ നാല് പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പുതിയ സംഭവം. തുടർച്ചയായ അക്രമങ്ങൾ പ്രദേശത്തെ സാധാരണക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.


