സ്മാർട്ട്‌ഫോൺ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സാംസങ്ങിന്റെ ഗാലക്‌സി S സീരീസ് അൾട്രാ മോഡലിന്റെ പുതിയ പതിപ്പ് എത്തുന്നു. അടുത്തിടെ സാംസങ് അവരുടെ S26 സീരീസിലേക്ക് ഗാലക്‌സി S26 FE പുറത്തിറക്കിയിരുന്നു. ഇതിനു പിന്നാലെ ഗാലക്‌സി S27 അൾട്രായെക്കുറിച്ചറിയാൻ കാത്തിരിക്കുകയാണ് സ്മാർട്ട് ഫോൺ പ്രേമികൾ. ഡിസൈൻ, വില, പ്രത്യേകതകൾ എന്നിവയെക്കുറിച്ചുള്ള സൂചനകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
S27 അൾട്രാ 2027 ഫെബ്രുവരിയോടെ വിപണിയിലെത്തുമെന്നാണ് സൂചന. പിസ്റ്റാഷിയോ, ബ്ലൂബെറി, ഗ്രാഫൈറ്റ് എന്നീ നിറങ്ങളിൽ ലഭ്യമാകും. 3,000 നീറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്സും 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റുമുള്ള 6.9 ഇഞ്ച് ഡൈനാമിക് എൽടിപിഒ അമോലെഡ് 2X ഡിസ്‌പ്ലേ, 45W അല്ലെങ്കിൽ 65W ഫാസ്റ്റ് ചാർജിങും 5,700mAh ബാറ്ററി ലെവലും ഉണ്ടായിരിക്കും. പിൻഭാഗത്ത് 5x ടെലിഫോട്ടോ ലെൻസ് അടങ്ങുന്ന ക്വാഡ് ക്യാമറയും സെൽഫികൾക്കായി 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും പ്രധാന ആകർഷണമാകും. 1,49,990 രൂപയാവും തുടക്ക വില.
അതേസമയം, ഈ സീരീസിലും ‘സ്കാം ഡിറ്റക്ഷൻ’ ഫീച്ചർ എത്തിയേക്കുമെന്നും സൂചനയുണ്ട്. പുറത്തുവന്ന സിഎഡി റെൻഡറുകൾ പ്രകാരം ഗാലക്സി എസ്27ന് ഗാലക്സി എസ്26-നോട് സാമ്യമുള്ള ഡിസൈൻ തന്നെയായേക്കും. പിൻ ക്യാമറ മൊഡ്യൂളും ട്രിപ്പിൾ ക്യാമറ സജ്ജീകരണവും ഫ്ലാറ്റ് ഡിസ്പ്ലേയും അതുപോലെ തന്നെയാകും.












