കൊച്ചി: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ തൃപ്പൂണിത്തുറയിൽ സാമൂഹികവിരുദ്ധർ ട്രാൻസ്ഫോർമറുകളുടെ ഫ്യൂസ് ഊരിമാറ്റി വൈദ്യുതി തടസ്സപ്പെടുത്തി. വെള്ളക്കിനാവ്, കിടങ്ങ് ഭാഗങ്ങളിലെ രണ്ട് ട്രാൻസ്ഫോർമറുകളിൽ നിന്നാണ് ഫ്യൂസ് ഊരിയത്. ഇതോടെ പ്രദേശത്ത് ഒന്നര മണിക്കൂറിലേറെ വൈദ്യുതി തടസ്സപ്പെട്ടു.
വൈദ്യുതി നിയന്ത്രണത്തിനുള്ള സമയക്രമം കഴിഞ്ഞിട്ടും വൈദ്യുതി പുനഃസ്ഥാപിക്കാത്തതിനെ തുടർന്ന് നാട്ടുകാർ കെഎസ്ഇബിയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ട്രാൻസ്ഫോർമറുകളുടെ ഫ്യൂസ് ഊരിമാറ്റിയതായി കണ്ടെത്തിയത്. വെള്ളക്കിനാവിലെ ട്രാൻസ്ഫോർമറിൽനിന്ന് ഊരിയ ഫ്യൂസ് തോട്ടിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. മറ്റൊരു ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് തകർത്ത നിലയിലും കണ്ടെത്തി. പിന്നീട് ഉദ്യോഗസ്ഥർ വൈദ്യുതി പുനഃസ്ഥാപിച്ചു.
സംഭവത്തിൽ കെഎസ്ഇബി പൊലീസിൽ പരാതി നൽകി. നേരത്തെയും പറവൂരിലും സമാന സംഭവമുണ്ടായിരുന്നു. ഇതിന് പിന്നാലെ അടൂർ നെടുംകുളഞ്ഞിയിലും സാമൂഹികവിരുദ്ധർ ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഊരിയ സംഭവത്തിൽ കെഎസ്ഇബി പൊലീസിൽ പരാതി നൽകിയിരുന്നു.
അതിനിടെ, വൈദ്യുതി പ്രതിസന്ധിക്കിടയിൽ കൽപ്പറ്റ നഗരത്തിൽ പകൽ സമയത്ത് തെരുവുവിളക്കുകൾ കത്തിക്കിടക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ചുങ്കം ജങ്ഷൻ മുതൽ സ്കൂൾ, അയ്യപ്പക്ഷേത്രം വരെയുള്ള ഭാഗത്തെ എട്ട് തെരുവുവിളക്കുകളാണ് ആഴ്ചകളായി പകൽ സമയത്തും കത്തുന്നത്.
പകൽ സമയത്ത് കത്തുന്ന തെരുവുവിളക്കുകൾ രാത്രിയിൽ തെളിയാറില്ലെന്നാണ് നാട്ടുകാരുടെ പരാതി. കെഎസ്ഇബിയെ വിവരം അറിയിച്ചപ്പോൾ നഗരസഭയെ അറിയിക്കാനാണ് ഉദ്യോഗസ്ഥർ നിർദേശിച്ചതെന്നും നാട്ടുകാർ പറഞ്ഞു. എന്നാൽ ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും അവർ വ്യക്തമാക്കി. പത്തനംതിട്ടയിലും സമാനമായി പകൽ സമയത്ത് തെരുവുവിളക്കുകൾ കത്തിക്കിടന്ന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.


