ന്യൂഡല്‍ഹി: ഗുരുഗ്രാമിലെ അഡിഡാസ് ഇന്ത്യ ടെക് ഹബ്ബില്‍ കൂട്ട പിരിച്ചുവിടൽ. ഇക്കാര്യം കമ്പനി സ്ഥിരീകരിച്ചു. സോഫ്റ്റ്വെയര് എന്‍ജിനീയര്‍മാര്‍, ഡേറ്റ സയന്റിസ്റ്റുകള്‍, ഡേറ്റ എന്‍ജിനീയര്‍മാര്‍ എന്നിവരെ ഉള്‍പ്പെടെയാണ് പിരിച്ചുവിടല്‍ ബാധിക്കുന്നത്. ഇന്ത്യയിലെ തങ്ങളുടെ ടെക്നോളജി വിഭാഗത്തിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതായി അഡിഡാസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, കൃത്യമായി എത്ര പേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
മാറിവരുന്ന ബിസിനസ് സാഹചര്യങ്ങള്‍ക്ക് അനുസൃതമായി തങ്ങളുടെ പ്രവര്‍ത്തന രീതി മാറ്റുന്നതിന്റെ ഭാഗമായാണ് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്ന കഠിനമായ തീരുമാനം എടുത്തതെന്ന് അഡിഡാസ് വ്യക്തമാക്കി. ഗുരുഗ്രാമിലെ അഡിഡാസ് ടെക് ഹബ്ബില്‍ ആകെ ഉണ്ടായിരുന്ന എഴുന്നൂറോളം ജീവനക്കാരില്‍ ഏകദേശം 350ലധികം പേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 15ന് നടന്ന ടൗണ്‍ ഹാള്‍ യോഗത്തിലാണ് ജീവനക്കാരെ ഈ വിവരങ്ങള്‍ അറിയിച്ചത്.
അഡിഡാസിന്റെ ഗ്ലോബല്‍ എന്‍ജിനീയറിങ് ടെക് ഹബ്ബുകളില്‍ ഏറ്റവും പ്രധാനപ്പെട്ടവയില്‍ ഒന്നാണ് ഗുരുഗ്രാമിലേത്. സമീപകാലത്ത് കമ്പനി ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിച്ചിരുന്നു.












