ഹൈദരാബാദ്: തെലങ്കാനയിൽ ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ തടാകത്തിൽ വീണ് ആറ് വിദ്യാർഥികൾ മുങ്ങിമരിച്ചു. ബുധനാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. സന്നദ്ധ സംഘടന നടത്തുന്ന ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന എട്ട് വിദ്യാർഥികളാണ് വിഗ്രഹ നിമജ്ജനത്തിനായി തടാകക്കരയിലെത്തിയത്. ചടങ്ങിനിടെ എട്ട് പേരും അബദ്ധത്തിൽ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. രണ്ട് പേർ നീന്തി രക്ഷപ്പെട്ടെങ്കിലും മറ്റ് ആറ് പേർ മുങ്ങിത്താഴുകയായിരുന്നു.
തടാകത്തിലെ ചെളിയും അയഞ്ഞ മണ്ണുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്തുണ്ടായിരുന്ന ഒരു പൊലീസ് കോൺസ്റ്റബിൾ ഉടൻ കുട്ടികളെ കരയിലെത്തിച്ച് സിപിആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിജനമായ പ്രദേശത്താണ് തടാകം സ്ഥിതി ചെയ്തിരുന്നത്. അപകടസമയത്ത് രക്ഷാപ്രവർത്തനത്തിന് ആവശ്യമായ മുതിർന്നവരുടെ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ തെലങ്കാന ഗവർണർ ശിവ് പ്രതാപ് ശുക്ല, മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. വിഗ്രഹ നിമജ്ജന ചടങ്ങുകളിലും ഘോഷയാത്രകളിലും ഭക്തർ ജാഗ്രത പാലിക്കണമെന്ന് ഗവർണർ അഭ്യർഥിച്ചു. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ നിമജ്ജന സ്ഥലങ്ങളിൽ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി അധികൃതർക്ക് നിർദേശം നൽകി.



