തിരുവനന്തപുരം: സംസ്ഥാനത്ത് മോർഫിങ് കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്. ഒന്നര വർഷത്തിനിടെ സംസ്ഥാനത്ത് 141 മോർഫിങ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2026ൽ മാത്രം 65 കേസുകളിലായി 90 പ്രതികളുണ്ടെന്നാണ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.
രജിസ്റ്റർ ചെയ്ത 141 എഫ്ഐആറുകളിൽ 39 കേസുകളിൽ പ്രായപൂർത്തിയാകാത്തവരാണ് ഇരകൾ. 13 വയസുമുതൽ 68 വയസുവരെയുള്ളവർ ഇരകളായ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പരാതിക്കാരുടെ ബന്ധുക്കളും സുഹൃത്തുക്കളുമാണ് പ്രതികളിൽ ഏറെയും എന്നതും കേസുകളുടെ ഗൗരവം വർധിപ്പിക്കുന്നു.
ടെലഗ്രാം, ഇൻസ്റ്റഗ്രാം, റെഡ്ഡിറ്റ്, വാട്സ്ആപ്പ് തുടങ്ങിയ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെയാണ് മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചിരുന്നത്. ചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്ന സംഭവങ്ങളും നിരവധി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തൃക്കാക്കര ഭാരത് മാതാ കോളേജിലെ മോർഫിങ് കേസ് പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇത്തരം കേസുകളുടെ എണ്ണത്തിൽ വർധനയുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
സാമൂഹിക മാധ്യമങ്ങളുടെ വ്യാപകമായ ഉപയോഗമാണ് മോർഫിങ് കേസുകൾ വർധിക്കാൻ പ്രധാന കാരണമെന്നാണ് പൊലീസ് വിലയിരുത്തൽ. പ്രായഭേദമന്യേ എല്ലാവരും ഇത്തരം കുറ്റകൃത്യങ്ങളുടെ ഇരകളാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.
പ്രണയബന്ധത്തിൽ നിന്നോ വിവാഹത്തിൽ നിന്നോ പിന്മാറുന്നതിന്റെ പേരിൽ പ്രതികാര നടപടിയായി സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്ന സംഭവങ്ങളും വർധിക്കുന്നുണ്ട്. തൃക്കാക്കരയിലെയും തിരുവനന്തപുരം മെഡിക്കൽ കോളേജിലെയും കേസുകളിലേതുപോലെ ഇരകളുടെ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ പ്രതികളാകുന്ന സംഭവങ്ങളും ശ്രദ്ധേയമാണ്.
മോർഫിങ് കേസുകളുടെ വർധനവിന്റെ പശ്ചാത്തലത്തിൽ വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്താനും കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നടപടികൾ ശക്തമാക്കാനും പൊലീസ് നീക്കം ആരംഭിച്ചിട്ടുണ്ട്.


