തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലെത്തിയ മുൻ എഡിജിപി ടോമിൻ ജെ. തച്ചങ്കരിയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ജയിൽ ആശുപത്രി ബ്ലോക്കിലേക്ക് മാറ്റി. ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നതായി അദ്ദേഹം അധികൃതരെ അറിയിച്ചതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
വ്യാഴാഴ്ച രാത്രിയാണ് ശിക്ഷാവിധിക്ക് പിന്നാലെ തച്ചങ്കരിയെ പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിച്ചത്. വെള്ളിയാഴ്ച രാവിലെ ജയിൽ ഡോക്ടർ അദ്ദേഹത്തെ പരിശോധിക്കും. പരിശോധനയ്ക്ക് ശേഷമായിരിക്കും തുടർചികിത്സ സംബന്ധിച്ച് തീരുമാനമെടുക്കുക.
ജയിൽ ആശുപത്രിയിൽ തന്നെ ചികിത്സ തുടരണമോ, ജനറൽ ആശുപത്രിയിലേക്കോ മെഡിക്കൽ കോളേജിലേക്കോ മാറ്റണമോ എന്നത് ഡോക്ടർ തീരുമാനിക്കും. നിലവിൽ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജയിൽ അധികൃതരിൽ നിന്ന് ലഭിക്കുന്ന വിവരം. തച്ചങ്കരി ഇപ്പോൾ ആശുപത്രി ബ്ലോക്കിൽ തുടരുകയാണ്.
സംസ്ഥാന പൊലീസ് ഉപമേധാവിയായിരിക്കെ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് കോട്ടയം വിജിലൻസ് കോടതി തച്ചങ്കരിയെ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. കോടതി ശിക്ഷ വിധിക്കുന്നതിന് മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് ജഡ്ജി ചോദിച്ചപ്പോൾ തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് തച്ചങ്കരി പറഞ്ഞിരുന്നു. താൻ ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നും രണ്ട് ദിവസം മുമ്പ് നെഞ്ചുവേദന ഉണ്ടായെന്നും അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു.




