പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതര ചികിത്സാപിഴവുണ്ടായതായി പരാതി. ശ്വാസംമുട്ടലിനെ തുടർന്ന് ചികിത്സ തേടിയെത്തിയ 16കാരിക്ക് പകരം 88കാരിയുടെ എക്സ്റേ നൽകിയെന്നാണ് പരാതി.
കൂടൽ അതിരുങ്കൽ സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥിനി ഈ മാസം 14നാണ് ശ്വാസംമുട്ടലിനെ തുടർന്ന് കോന്നി മെഡിക്കൽ കോളേജിലെത്തിയത്. ഡ്യൂട്ടി ഡോക്ടർ ദീപ്തി കുട്ടിയെ പരിശോധിച്ച ശേഷം നെഞ്ചിന്റെ എക്സ്റേ എടുക്കാൻ നിർദേശിച്ചു. എക്സ്റേ ഫിലിം പരിശോധിച്ച ശേഷം നട്ടെല്ലിന് വളവുണ്ടെന്ന് പറഞ്ഞ് ഡോക്ടർ മരുന്ന് നിർദേശിച്ചു. ഡോക്ടറുടെ നിർദേശപ്രകാരം കുട്ടി മൂന്ന് ദിവസത്തോളം മരുന്ന് കഴിച്ചു.
തുടർചികിത്സയ്ക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിയപ്പോഴാണ് തനിക്ക് ലഭിച്ചത് 88കാരിയായ ദേവകിയമ്മയുടെ എക്സ്റേയാണെന്ന് വ്യക്തമായത്. ഇതോടെ ഇല്ലാത്ത രോഗത്തിനാണ് ചികിത്സ ലഭിച്ചതെന്ന് വീട്ടുകാർ ആരോപിച്ചു.
സംഭവത്തിൽ ഡോക്ടർക്കും എക്സ്റേ വിഭാഗത്തിലെ ജീവനക്കാർക്കുമെതിരെ ശക്തമായ നടപടി വേണമെന്ന് കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. ജില്ലാ പൊലീസ് മേധാവിക്കും ആശുപത്രി അധികൃതർക്കും കുടുംബം പരാതി നൽകി. സംഭവത്തിൽ കോന്നി മെഡിക്കൽ കോളേജ് സൂപ്രണ്ട് റേഡിയോളജി വിഭാഗത്തോട് വിശദീകരണം തേടിയിട്ടുണ്ട്.


