തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി അറിയിച്ചു. ഏകദേശം 900 മെഗാവാട്ടിന്റെ വൈദ്യുതി കുറവാണ് പ്രതീക്ഷിക്കുന്നത്. ഇതേത്തുടർന്ന് രാത്രികാല നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുമെന്നാണ് കെഎസ്ഇബിയുടെ അറിയിപ്പ്.
ഉയർന്ന വൈദ്യുതി ആവശ്യകത നിലനിന്നിരുന്നെങ്കിലും കഴിഞ്ഞ രണ്ട് ദിവസവും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ ദിവസത്തെ രാത്രികാല വൈദ്യുതി ആവശ്യകത 5348 മെഗാവാട്ടായിരുന്നു. ഇന്നലത്തെ ആകെ വൈദ്യുതി ഉപഭോഗം 99.39 ദശലക്ഷം യൂണിറ്റായി.
സെപ്റ്റംബറിലെ ആദ്യ 18 ദിവസത്തിനിടെ മൂന്ന് രാത്രികളിൽ മാത്രമാണ് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനായത്. വ്യാഴം, വെള്ളി ദിവസങ്ങളിലും സംസ്ഥാനത്ത് നിയന്ത്രണം ഉണ്ടായിരുന്നില്ല. മറ്റ് സംസ്ഥാനങ്ങളിലെ വൈദ്യുതി ഉപഭോഗം കുറഞ്ഞതും പവർ എക്‌സ്‌ചേഞ്ച് വഴി വൈദ്യുതി ലഭ്യത വർധിച്ചതുമാണ് നിയന്ത്രണം ഒഴിവാക്കാൻ സഹായിച്ചത്.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ വൈദ്യുതി ലഭ്യമാക്കുന്നതിനായി നടത്തിയ ചർച്ചകളുടെ വിവരങ്ങൾ കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യം വൈദ്യുതി മന്ത്രിക്ക് കൈമാറിയിട്ടുണ്ട്.











