വയനാട്: സുൽത്താൻ ബത്തേരിയിലെ തൊണ്ടിമുതൽ മോഷണക്കേസിൽ ഒൻപതാം ദിവസവും പ്രതിയെ പിടികൂടാനാകാതെ പൊലീസ്. സ്റ്റേഷനിലെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് കടത്തിയ സീനിയർ സിവിൽ പൊലീസ് ഓഫീസർ സബിത്ത് ഇപ്പോഴും ഒളിവിലാണ്. പ്രതിക്ക് സേനയ്ക്കുള്ളിൽ നിന്ന് സഹായം ലഭിക്കുന്നുണ്ടോയെന്ന സംശയവും ഉയർന്നിട്ടുണ്ട്. സേനയ്ക്ക് തന്നെ നാണക്കേടുണ്ടാക്കിയ സംഭവത്തിൽ പ്രതിയെ പിടികൂടാത്തതിനെതിരെ വിമർശനവും ശക്തമാണ്.
ഒളിവിൽ കഴിയുന്നതിനിടെ സബിത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തിരുന്നു. പ്രതിക്കായുള്ള തെരച്ചിൽ ഊർജിതമാണെന്നാണ് പൊലീസ് വിശദീകരണം. സ്റ്റേഷനിലെ പൊലീസുകാരെ കേന്ദ്രീകരിച്ചാണ് തുടക്കം മുതൽ അന്വേഷണം നടത്തുന്നത്.
സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് മോഷണം പോയത്. കഴിഞ്ഞ പത്താം തീയതി സ്റ്റേഷനിലെ റൈറ്ററും അസിസ്റ്റന്റ് റൈറ്ററും നടത്തിയ പരിശോധനയിലാണ് തൊണ്ടിമുതൽ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. താക്കോൽ ഉപയോഗിച്ചാണ് സ്റ്റോർ റൂം തുറന്നതെന്നാണ് കണ്ടെത്തൽ.
ജൂൺ ഏഴിന് ബത്തേരി ദൊട്ടപ്പകുളത്ത് നിന്ന് പിടികൂടിയ നിരോധിത പുകയില ഉൽപ്പന്നങ്ങൾ ജൂൺ 26ന് കോടതിയിൽ ഹാജരാക്കിയ ശേഷം പൊലീസ് സ്റ്റേഷൻ വളപ്പിലെ സ്റ്റോർ റൂമിൽ സൂക്ഷിക്കുകയായിരുന്നു. പൊലീസ് പറയുന്നതനുസരിച്ച് ജൂലൈ 18ന് രാത്രി 12 മണിക്ക് ശേഷമാണ് ജിഡി ചാർജിലുണ്ടായിരുന്ന സബിത്ത് തൊണ്ടിമുതൽ മോഷ്ടിച്ചത്. സ്വന്തം കാറിലാണ് ഏഴ് ചാക്ക് ഹാൻസ് കടത്തിയതെന്നും പൊലീസ് പറയുന്നു.
സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് പ്രതിയിലേക്ക് എത്താൻ നിർണായകമായത്. ഓണത്തിന് ശേഷം മെഡിക്കൽ ലീവിലായിരുന്ന സബിത്ത് നിലവിൽ ഒളിവിലാണ്. പ്രതിക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
ലഹരിക്കെതിരെ സർക്കാർ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥൻ തന്നെ തൊണ്ടിമുതലായ നിരോധിത പുകയില ഉൽപ്പന്നങ്ങൾ മോഷ്ടിച്ച സംഭവം സേനയ്ക്ക് വലിയ നാണക്കേടായത്.


