കൊച്ചി: പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിനായി പിഎസ്‌സി അംഗങ്ങൾക്ക് എസ്‌ഐടി ഇന്ന് വീണ്ടും നോട്ടീസ് നൽകും. പിഎസ്‌സി അംഗങ്ങൾക്ക് പ്രത്യേക നിയമപരിരക്ഷയില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ക്രൈംബ്രാഞ്ച് ഓഫീസിൽ നേരിട്ട് ഹാജരായി ചോദ്യം ചെയ്യലിന് വിധേയരാകാനാണ് നിർദേശം.
ആദ്യഘട്ടത്തിൽ നോട്ടീസ് നൽകിയ നാല് പിഎസ്‌സി അംഗങ്ങൾക്കാണ് വീണ്ടും നോട്ടീസ് നൽകുന്നത്. പുതിയ നോട്ടീസ് ലഭിച്ചിട്ടും ഹാജരാകാൻ തയ്യാറായില്ലെങ്കിൽ വാറന്റ് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് എസ്‌ഐടിയുടെ തീരുമാനം.
തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്താൻ കഴിയാത്ത മുതിർന്ന പിഎസ്‌സി അംഗങ്ങൾക്ക് അതത് ജില്ലകളിലെ ക്രൈംബ്രാഞ്ച് ഓഫീസുകളിൽ ഹാജരായി ചോദ്യം ചെയ്യലിന് വിധേയരാകാമെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ക്രൈംബ്രാഞ്ച് ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന നിർദേശത്തെ ചോദ്യം ചെയ്ത് പിഎസ്‌സി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട് കേസിൽ നൽകിയ നോട്ടീസ് റദ്ദാക്കണമെന്നാണ് പിഎസ്‌സിയുടെ ആവശ്യം.
പിഎസ്‌സി അംഗങ്ങൾക്ക് പ്രത്യേക നിയമപരിരക്ഷയില്ലെന്നും അന്വേഷണ സംഘം നിർദേശിക്കുന്ന സ്ഥലത്ത് അംഗങ്ങൾ ഹാജരാകണമെന്നുമാണ് എസ്‌ഐടിക്ക് ലഭിച്ച നിയമോപദേശത്തിലെ നിലപാട്. അന്വേഷണ സംഘം പിഎസ്‌സി ആസ്ഥാനത്തെത്തി ചോദ്യം ചെയ്യേണ്ടതില്ലെന്നും നിയമോപദേശത്തിൽ വ്യക്തമാക്കിയിരുന്നു.
ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്‌സിക്കെതിരെ ആരോപണങ്ങൾ ഉയർന്നതിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്. ഈ മാസം 15 മുതൽ പിഎസ്‌സി അംഗങ്ങളുടെ മൊഴിയെടുക്കാനായിരുന്നു അന്വേഷണ സംഘത്തിന്റെ തീരുമാനം. എസ്‌പി സഖറിയയാണ് ചോദ്യം ചെയ്യലിനുള്ള നോട്ടീസ് നൽകിയത്.
പിഎസ്‌സി അംഗങ്ങളെ ചോദ്യം ചെയ്ത ശേഷം ചെയർമാൻ എം.ആർ. ബൈജുവിനെയും ചോദ്യം ചെയ്യാനായിരുന്നു അന്വേഷണ സംഘത്തിന്റെ നീക്കം. എന്നാൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകേണ്ടതില്ലെന്നും അന്വേഷണ സംഘം പിഎസ്‌സി ആസ്ഥാനത്തെത്തി മൊഴിയെടുക്കണമെന്നുമായിരുന്നു അംഗങ്ങളുടെ നിലപാട്. ഇതേ തുടർന്നാണ് വീണ്ടും നോട്ടീസ് നൽകാനുള്ള എസ്‌ഐടി തീരുമാനം.


