കൊച്ചി: പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി അംഗങ്ങൾ നേരിട്ട് ഹാജരാകണമെന്ന എസ്ഐടി നിർദേശത്തിനെതിരെ പിഎസ്‌സി ഹൈക്കോടതിയെ സമീപിച്ചു. ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട് കേസിൽ ക്രൈംബ്രാഞ്ച് നൽകിയ നോട്ടീസ് റദ്ദാക്കണമെന്നാണ് പിഎസ്‌സിയുടെ ആവശ്യം.
അന്വേഷണത്തിന്റെ ഭാഗമായി പിഎസ്‌സി അംഗങ്ങളുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. ഈ മാസം 15 മുതൽ അംഗങ്ങളെ ചോദ്യം ചെയ്യാനായിരുന്നു അന്വേഷണ സംഘത്തിന്റെ തീരുമാനം. അന്വേഷണ സംഘത്തിലെ എസ്.പി. സഖറിയയാണ് ചോദ്യം ചെയ്യലിനുള്ള നോട്ടീസ് നൽകിയത്.
അംഗങ്ങൾ ക്രൈംബ്രാഞ്ച് ഓഫീസിൽ നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘത്തിന് നിയമോപദേശം ലഭിച്ചിരുന്നു. പിഎസ്‌സി അംഗങ്ങൾക്ക് ചോദ്യം ചെയ്യലിൽ പ്രത്യേക പരിരക്ഷയില്ലെന്നും അംഗങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ നിർദേശിക്കുന്ന സ്ഥലത്ത് ഹാജരാകണമെന്നും നിയമോപദേശത്തിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകേണ്ടതില്ലെന്ന നിലപാടാണ് പിഎസ്‌സി അംഗങ്ങൾ സ്വീകരിച്ചത്. അന്വേഷണ സംഘം പിഎസ്‌സി ആസ്ഥാനത്തെത്തി മൊഴിയെടുക്കണമെന്നാണ് അംഗങ്ങളുടെ ആവശ്യം. നോട്ടീസ് ലഭിച്ചിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ അംഗങ്ങൾ വിസമ്മതിച്ചതിന് പിന്നാലെയാണ് പിഎസ്‌സി ഹൈക്കോടതിയെ സമീപിച്ചത്.
പിഎസ്‌സി അംഗങ്ങളുടെ മൊഴിയെടുത്ത ശേഷം ചെയർമാൻ എം.ആർ. ബൈജുവിനെ ചോദ്യം ചെയ്യാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ നീക്കം. ആസൂത്രണ ബോർഡിലെ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്‌സിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് അന്വേഷണ സംഘം നടപടികൾ ശക്തമാക്കിയത്.













