മുംബൈ: വിദ്യാർഥി മരിച്ചതിന് പിന്നാലെ ഐഐടി ബോംബെയിൽ വിദ്യാർഥികളുടെ പ്രതിഷേധം. രണ്ടാംവർഷ എനർജി സയൻസ് എൻജിനിയറിങ് വിദ്യാർഥിയായ സാഹിൽ വാകോഡെയുടെ മരണത്തിലാണ് പ്രതിഷേധം.
പരീക്ഷയ്ക്കിടെ ചാറ്റ്ജിപിടിയുടെ സഹായത്തോടെ കോപ്പിയടിക്കാൻ ശ്രമിച്ചെന്നാരോപിച്ച് സാഹിലിനെ അധ്യാപകർ പിടികൂടിയിരുന്നു. ഇതിന് പിന്നാലെ ഒരുവർഷത്തേക്ക് സസ്പെൻഡ് ചെയ്യുമെന്ന് അധ്യാപകർ ഭീഷണിപ്പെടുത്തിയെന്നാണ് സഹപാഠികളുടെ ആരോപണം. അധ്യാപകരുടെയും അധികൃതരുടെയും സമ്മർദത്തെ തുടർന്നാണ് സാഹിൽ ജീവനൊടുക്കിയതെന്നും വിദ്യാർഥികൾ ആരോപിച്ചു.
എന്നാൽ സാഹിലിനെതിരെ കോപ്പിയടി സംബന്ധിച്ച് ഔദ്യോഗിക നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് ഐഐടി അധികൃതരുടെ വിശദീകരണം. അധ്യാപകനും വകുപ്പ് മേധാവിയും സാഹിലിനെ വിളിച്ചുവരുത്തി വിഷയം ചർച്ച ചെയ്യുകയും ഉപദേശം നൽകുകയും ചെയ്തിരുന്നു. സംഭവത്തിന്റെ പേരിൽ അക്കാദമിക് ജീവിതത്തെ ബാധിക്കുന്ന നടപടികളുണ്ടാകില്ലെന്ന് ഉറപ്പ് നൽകിയിരുന്നതായും അധികൃതർ വ്യക്തമാക്കി. അധ്യാപകരെയും വകുപ്പ് മേധാവിയെയും കണ്ട ശേഷം ഹോസ്റ്റൽ മുറിയിലേക്ക് മടങ്ങിയ സാഹിലിനെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അച്ചടക്ക നടപടി ഭയന്നാണ് സാഹിൽ ജീവനൊടുക്കിയതെന്നാണ് സഹപാഠികളുടെ ആരോപണം. സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ നടപടി വേണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടു. അധ്യാപകരുടെ പീഡനമാണ് മകന്റെ മരണത്തിന് കാരണമെന്ന് സാഹിലിന്റെ മാതാവും ആരോപിച്ചു. സംഭവത്തിൽ പരാതി നൽകിയിട്ടുണ്ടെന്നും മാതാവ് പറഞ്ഞു. കഴിഞ്ഞ ഏഴ് മാസത്തിനിടെ ഐഐടി ബോംബെയിൽ വിദ്യാർഥി ജീവനൊടുക്കുന്ന മൂന്നാമത്തെ സംഭവമാണിതെന്നും റിപ്പോർട്ടുകളുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)




