തിരുവനന്തപുരം: നഗരൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ 11കാരന് കൈവിരൽ നഷ്ടപ്പെട്ടു. മൊട്ടലുവിള സ്വദേശികളായ രാജു-അഞ്ജു ദമ്പതികളുടെ മകൻ ശരൺ ആണ് ആക്രമണത്തിനിരയായത്. കുട്ടിയുടെ കാലിലും ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. ശരൺ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ വൈകുന്നേരമാണ് സംഭവം. വീട്ടുമുറ്റത്ത് സഹോദരിക്കൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ തെരുവുനായ ആക്രമിച്ചത്. ആക്രമണത്തിൽ വലതുകൈയിലെ വിരലിന്റെ പകുതിഭാഗം നായ കടിച്ചെടുത്തു. ഒപ്പമുണ്ടായിരുന്ന ഇളയ കുട്ടി ഓടി രക്ഷപ്പെട്ടു.
വീട്ടുകാർ ബഹളംവെച്ചതോടെ നായ ഓടിപ്പോയി. തുടർന്ന് പരിക്കേറ്റ കുട്ടിയെ ഉടൻ എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയെ ആക്രമിച്ച തെരുവുനായ സമീപത്തെ വളർത്തുമൃഗങ്ങളെയും ആക്രമിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു.












