പത്തനംതിട്ട: തിരുവല്ല തുകലശേരിയിൽ സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. ആലപ്പുഴ തലവടി സ്വദേശി അജീഷ് മോഹനൻ (29), ഇതര സംസ്ഥാന തൊഴിലാളിയായ നിയാസ് എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം.
നിയന്ത്രണംവിട്ട് എത്തിയ പിക്കപ്പ് വാൻ ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ അജീഷ് മരണപ്പെട്ടു.
അജീഷിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന നിയാസ് ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്നു. എന്നാൽ ഉച്ചയോടെ നിയാസും മരിച്ചു.
അപകടസമയത്ത് പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നു. മഴവെള്ളത്തിൽ പിക്കപ്പ് വാൻ തെന്നിമാറിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ പിക്കപ്പ് വാൻ ഡ്രൈവർക്ക് കാര്യമായ പരിക്കേറ്റിട്ടില്ല.












