ഇടുക്കി: വട്ടവട കൊട്ടാക്കമ്പൂരിൽ കനത്ത മഴയെ തുടർന്ന് ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു. കൊട്ടാക്കമ്പൂർ സ്വദേശികളായ ബാലകൃഷ്ണനും സഹോദരി ചിന്നുവുമാണ് മരിച്ചത്. ബാലകൃഷ്ണന്റെ ഭാര്യയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കനത്ത മഴയ്ക്കിടെ ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീഴുകയായിരുന്നു. മണ്ണിനടിയിൽ കുടുങ്ങിയവരെ പുറത്തെടുക്കുന്നതിനായി ഒരു മണിക്കൂറോളം രക്ഷാപ്രവർത്തനം നീണ്ടു. ദേവികുളത്ത് നിന്ന് എത്തിയ ഫയർഫോഴ്സ് സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
പ്രദേശത്ത് തുടർച്ചയായി മൂന്ന് മണിക്കൂറിലേറെയായി കനത്ത മഴ തുടരുകയാണ്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പ്രദേശത്ത് കൂടുതൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.


