കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കൈക്കൂലി വാങ്ങിയതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് നിയമോപദേശം. വീണാ വിജയൻ കൈപ്പറ്റിയ പണം പിണറായി വിജയന് വേണ്ടിയുള്ളതാണെന്ന് അനുമാനിക്കാമെന്നും നിയമോപദേശത്തിൽ പറയുന്നു. കൈക്കൂലി വാങ്ങിയതിനും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിനും കേസെടുക്കാമെന്നും വ്യക്തമാക്കുന്നു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ തീരുമാനം ഇന്ന് ഉണ്ടായേക്കും.
അഴിമതി നിരോധന നിയമപ്രകാരവും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തിനും കേസെടുക്കാമെന്നാണ് നിയമോപദേശത്തിലെ പ്രധാന കണ്ടെത്തൽ. വീണാ വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാമെന്നും പറയുന്നു. പൊതുപ്രവർത്തകൻ മൂന്നാം കക്ഷി വഴി പണം സ്വീകരിച്ചാലും അത് കുറ്റകരമാണെന്നും നിയമോപദേശത്തിൽ വ്യക്തമാക്കുന്നു.
പിണറായി വിജയൻ മൂന്നാം കക്ഷി വഴിയാണ് കൈക്കൂലി വാങ്ങിയതെന്നാണ് നിയമോപദേശത്തിലെ പരാമർശം. കൈക്കൂലി നൽകിയതിനും വാങ്ങിയതിനും പണം നൽകിയത് ആരാണെന്നതിനും തെളിവുകളുണ്ടെന്നും കർത്തയുടെ മൊഴി ഇത് സ്ഥിരീകരിക്കുന്നതായും നിയമോപദേശത്തിൽ പറയുന്നു. ചെയ്യാത്ത സേവനത്തിനാണ് പണം നൽകിയതെന്നും ഈ തുക പിണറായി വിജയനുള്ള കൈക്കൂലിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന് അനുമാനിക്കാമെന്നും വ്യക്തമാക്കുന്നു.
വീണാ വിജയൻ കൈപ്പറ്റിയ തുക നിയമാനുസൃതമായി സമ്പാദിച്ചതാണെന്ന് തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ആദായനികുതി വകുപ്പ് ഇക്കാര്യം കണ്ടെത്തിയിട്ടുണ്ടെന്നും നിയമോപദേശത്തിൽ പറയുന്നു. ഈ കണ്ടെത്തലുകൾ പിണറായി വിജയനോ വീണാ വിജയനോ കോടതിയിൽ ചോദ്യം ചെയ്തിട്ടില്ലെന്നും പരാമർശമുണ്ട്.
‘പ്രോമിനന്റ് പേഴ്സൺ’ എന്ന പരാമർശം പിണറായി വിജയനെ ഉദ്ദേശിച്ചുള്ളതാണെന്ന് ഇഡി വ്യക്തമാക്കിയിട്ടുണ്ടെന്നും നിയമോപദേശത്തിൽ പറയുന്നു. 2018ലെ അഴിമതി നിരോധന നിയമ ഭേദഗതിക്ക് മുൻപും ശേഷവും പണമിടപാടുകൾ നടന്നതിനാൽ, ഇരു കാലഘട്ടങ്ങളിലെയും നിയമവകുപ്പുകൾ പ്രകാരം അന്വേഷണം നടത്താമെന്നും നിയമോപദേശത്തിൽ വ്യക്തമാക്കുന്നു.


