പത്തനംതിട്ട: അടൂരിൽ ദളിത് യുവാവിനെ പൊലീസ് മർദിച്ചെന്ന പരാതിയിൽ ശാസ്താംകോട്ട സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ. ഗ്രേഡ് എസ്‌ഐ ആർ. ശ്രീകുമാറിനെയും സിപിഒ വിപിൻ കുമാറിനെയുമാണ് സസ്പെൻഡ് ചെയ്തത്. ആദ്യഘട്ട നടപടിയുടെ ഭാഗമായാണ് നടപടി. കൂടുതൽ പൊലീസുകാർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് വിവരം. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) അന്വേഷണത്തിനും ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. പത്തനംതിട്ട എസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പോക്സോ കേസിലെ പ്രതിയായ ഇളയ സഹോദരനെ അന്വേഷിച്ചെത്തിയ പൊലീസ് സംഘം 23കാരനായ യുവാവിനെ കാറിൽ കയറ്റി കൊണ്ടുപോയി മർദിച്ചെന്നാണ് പരാതി. അനിയനെ കണ്ടെത്താനെന്ന പേരിലാണ് യുവാവിനെ കാറിൽ കൊണ്ടുപോയത്. യാത്രയ്ക്കിടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ, ജനനേന്ദ്രിയത്തിലും മർദിച്ചതായി യുവാവ് പരാതിയിൽ പറയുന്നു.
മെയ് 29ന് നടന്ന സംഭവത്തിൽ യുവാവിന്റെ പരിക്കുകൾ സംബന്ധിച്ച മെഡിക്കൽ രേഖകളും പുറത്തുവന്നിരുന്നു. വാർത്ത പുറത്തുവന്നതിന് പിന്നാലെ പത്തനംതിട്ട എസ്പി ജില്ലാ ക്രൈംബ്രാഞ്ചിനെ പ്രാഥമിക അന്വേഷണത്തിന് നിയോഗിച്ചു. അന്വേഷണത്തിൽ പൊലീസ് വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് തുടർനടപടി.
യുവാവിന്റെ പരാതി ശരിവെച്ച വകുപ്പുതല അന്വേഷണ റിപ്പോർട്ടിൽ പൊലീസുകാർക്കെതിരെ നടപടി ശുപാർശ ചെയ്തിരുന്നു. സംഭവത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് മുൻമന്ത്രി പി. പ്രസാദും ആഭ്യന്തര മന്ത്രിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് എസ്ഐടി അന്വേഷണം നടത്താൻ ഉത്തരവിടുകയായിരുന്നു.














