കൊച്ചി: വിമാനത്തിൽ കേരളത്തിലെത്തി വിവിധ ജില്ലകളിൽ കവർച്ച നടത്താൻ പദ്ധതിയിട്ട ഉത്തർപ്രദേശ് സ്വദേശികളായ 11 പേരെ പൊലീസ് പിടികൂടി. എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.
സംഘത്തിലെ പ്രധാനിയായ റിഹാനെ തൃശൂരിൽ മോഷണശ്രമത്തിനിടെ പൊലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെയാണ് വലിയ സംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് കളമശേരിയിലെ ലോഡ്ജിൽ നടത്തിയ പരിശോധനയിൽ അഞ്ച് പേരെയും കണ്ണൂരിൽ നിന്ന് മറ്റ് അഞ്ച് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. മീററ്റ് സ്വദേശികളാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.
കവർച്ചയ്ക്കായി ട്രെയിൻ മാർഗം ബൈക്കുകൾ നേരത്തെ കേരളത്തിലെത്തിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. കൊച്ചിയിൽ വിമാനമാർഗം എത്തിയ ശേഷം ഈ ബൈക്കുകളിൽ വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ച് മോഷണം നടത്താനായിരുന്നു സംഘത്തിന്റെ പദ്ധതിയെന്നാണ് പൊലീസ് പറയുന്നത്.
ഒഴിഞ്ഞുകിടക്കുന്ന വീടുകളും ടെലിഫോൺ എക്സ്ചേഞ്ചുകളുമാണ് സംഘം ലക്ഷ്യമിട്ടിരുന്നത്. പ്രതികളിൽ നിന്ന് മോഷണത്തിനുപയോഗിക്കുന്ന ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. കേരളത്തിന് പുറമെ വിവിധ സംസ്ഥാനങ്ങളിലും സംഘം മോഷണം നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പൊലീസിന്റെ സമയോചിത ഇടപെടലിലൂടെയാണ് സംസ്ഥാനത്ത് ആസൂത്രണം ചെയ്തിരുന്ന വ്യാപക കവർച്ച തടയാനായതെന്നും പൊലീസ് അറിയിച്ചു.




