കൊച്ചി: വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് വീണ്ടും വിമർശനവുമായി ഹൈക്കോടതി. ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ അധികൃതർ കൃത്യമായി പരിശോധിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
ജനങ്ങളുടെ സുരക്ഷ കണക്കിലെടുക്കാതെയാണ് പല കാര്യങ്ങളും ചെയ്യുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. വാഹനങ്ങളിൽ വരുത്തുന്ന മാറ്റങ്ങളിൽ കർശന പരിശോധന ആവശ്യമാണെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ജീപ്പുകളിൽ വലിയ ടയറുകൾ ഘടിപ്പിക്കുന്നത് തുടർച്ചയായ അപകടങ്ങൾക്ക് കാരണമാകുന്നുവെന്നും കോടതി നിരീക്ഷിച്ചു. കോട്ടയം, കാസർഗോഡ് ജില്ലകളിലുണ്ടായ അപകടങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ വിമർശനം. വാഹനങ്ങളുടെ സുരക്ഷയും റോഡിലെ മറ്റ് യാത്രക്കാരുടെ സുരക്ഷയും ഉറപ്പാക്കുന്ന തരത്തിൽ മോഡിഫിക്കേഷനുകൾ പരിശോധിക്കണമെന്നാണ് കോടതി നിർദേശം.


