തിരുവനന്തപുരം: സംവിധായകൻ സനൽ കുമാർ ശശിധരൻ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സത്യാഗ്രഹ സമരത്തിനെതിരെ മുൻ മന്ത്രി വി. ശിവൻകുട്ടി. നടി മഞ്ജു വാര്യർക്കെതിരെ ഭരണസിരാകേന്ദ്രത്തിന് മുന്നിൽ നടക്കുന്ന പ്രതിഷേധം അപലപനീയമാണെന്ന് ശിവൻകുട്ടി പറഞ്ഞു.
മഞ്ജു വാര്യർ സ്വന്തം പ്രതിഭയും ഇച്ഛാശക്തിയും കൊണ്ടാണ് സിനിമാരംഗത്ത് ഉയർന്നുവന്നതെന്നും ഒരു വ്യക്തിയുടെ അന്തസ്സിനെയും സ്വയംനിർണയാവകാശത്തെയും പരസ്യമായി ചോദ്യം ചെയ്യുന്ന പ്രവണതകൾക്കെതിരെ ശക്തമായ പ്രതിരോധം ഉയരണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു സ്ത്രീയുടെ ജീവിതവും നിലപാടുകളും സ്വതന്ത്രമായി തെരഞ്ഞെടുക്കാനുള്ള അവകാശത്തിൽ കടന്നുകയറാൻ ആർക്കും അവകാശമില്ലെന്നും വ്യാജ ആരോപണങ്ങളിലൂടെ നീതിയെ വെല്ലുവിളിക്കുന്ന നടപടികൾ അംഗീകരിക്കാനാകില്ലെന്നും ശിവൻകുട്ടി പറഞ്ഞു. മഞ്ജു വാര്യർക്കെതിരെ ഡിജിറ്റൽ ഇടങ്ങളിലൂടെയും മറ്റും നടക്കുന്ന പ്രചാരണങ്ങൾ വ്യക്തിഹത്യയും മാനസിക പീഡനവുമാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, മഞ്ജു വാര്യർ ചില റാക്കറ്റുകളുടെ പിടിയിലാണെന്നും അവരെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് സനൽ കുമാർ ശശിധരൻ സെക്രട്ടേറിയറ്റിന് മുന്നിൽ സത്യാഗ്രഹം നടത്തുന്നത്. വിഷയത്തിൽ മഞ്ജു വാര്യർ സനൽ കുമാർ ശശിധരനെതിരെ എറണാകുളം മുനിസിഫ് കോടതിയിൽ മാനനഷ്ടക്കേസ് നൽകിയിട്ടുണ്ട്.
ഈ വിഷയത്തിൽ സർക്കാർ, നിയമപാലകർ, കോടതി എന്നിവ അടിയന്തരമായി ഇടപെടണമെന്നും ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് പരസ്യമായ വേട്ടയാടലുകൾക്ക് തടയിടണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു.













