മലപ്പുറം: നിലമ്പൂർ ടികെ കോളനിയിലെ കോട്ടപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. ടികെ കോളനി സ്വദേശിനി സജിത (27)യുടെ മൃതദേഹമാണ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കണ്ടെത്തിയത്. ഇതോടെ മലവെള്ളപ്പാച്ചിലിൽ മരിച്ചവരുടെ എണ്ണം ആറായി.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് ശക്തമായ മഴയെ തുടർന്ന് കോട്ടപ്പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായത്. പെട്ടെന്ന് പാറകൾക്കിടയിലൂടെ ശക്തമായ ഒഴുക്കെത്തുകയായിരുന്നു. ഇതിനിടെ പുഴയിൽ കുളിക്കാനിറങ്ങിയവരാണ് ഒഴുക്കിൽപ്പെട്ടത്.
നേരത്തെ എടരിക്കോട് മങ്ങാടൻ അനസ് യാസീൻ (31), തിരൂർ പടന്നപ്പറമ്പൻ മുഹമ്മദ് കുട്ടി (65), വണ്ടൂർ ചെട്ടിയാർ എംഎൽ കുറുപ്പത്ത് റഫീഖ് (39), കരുവാരക്കുണ്ട് സ്രാമ്പിക്കൽ റഹീം (45), വണ്ടൂർ കുപ്പനത്ത് സജാദ് (23) എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.
ജലനിരപ്പ് ഉയർന്നതോടെ നിരവധി പേർ പുഴയിൽ കുടുങ്ങിയിരുന്നു. നാട്ടുകാർ ഇടപെട്ട് ഇവരിൽ പലരെയും രക്ഷപ്പെടുത്തി. വിവിധ ഭാഗങ്ങളിൽ ആളുകൾ കുടുങ്ങിക്കിടന്നതിനെ തുടർന്ന് ഫയർഫോഴ്സും പൊലീസും സന്നദ്ധ പ്രവർത്തകരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.












