കൊല്ലം: ചരിത്രപ്രസിദ്ധമായ ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷത്തിന്റെ ഭാഗമായി മൂന്ന് താലൂക്കുകൾക്ക് നാളെ (സെപ്റ്റംബർ 23) പ്രാദേശിക അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകൾക്കാണ് അവധി അനുവദിച്ചത്.
കായംകുളം എംഎൽഎയും സഹകരണ-എക്സൈസ് വകുപ്പ് മന്ത്രിയുമായ എം. ലിജുവിന്റെ ഇടപെടലിനെ തുടർന്നാണ് അവധി പ്രഖ്യാപിച്ചതെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന കെട്ടുകാഴ്ചയും എഴുന്നള്ളിപ്പും സുഗമമായി നടത്തുന്നതിനുള്ള ക്രമീകരണങ്ങളും പുരോഗമിക്കുകയാണ്.
കൃഷ്ണപുരത്ത് 19 വൈദ്യുതി പോസ്റ്റുകൾ മാറ്റി ഭൂഗർഭ കേബിളുകൾ സ്ഥാപിക്കുന്ന നിർമാണ പ്രവർത്തനങ്ങളും മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് പൂർത്തിയാകുന്ന ഘട്ടത്തിലാണ്.
കാളകെട്ട് ഉത്സവത്തോടനുബന്ധിച്ച് ദേശീയപാത 66ൽ സെപ്റ്റംബർ 23ന് രാവിലെ ആറുമണി മുതൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തും.
ആലപ്പുഴ ഭാഗത്തുനിന്ന് കൊല്ലം ഭാഗത്തേക്ക് വരുന്ന ചെറിയ വാഹനങ്ങളും കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളും കായംകുളം കെഎസ്ആർടിസി ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് കെപി റോഡ് വഴി ചാരുംമൂട്, ചക്കുവള്ളി, ഭരണിക്കാവ്, ശാസ്താംകോട്ട, കെഎംഎംഎൽ വഴി കൊല്ലം ഭാഗത്തേക്ക് പോകണം.
കൊല്ലം ഭാഗത്തുനിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കരുനാഗപ്പള്ളി ലാലാജി ജംഗ്ഷനിൽ നിന്ന് പടിഞ്ഞാറോട്ട് തിരിഞ്ഞ് പണിക്കർ കടവ് പാലം വഴി തീരദേശ റോഡിലൂടെ അഴീക്കലിലെത്തി വലിയ അഴീക്കൽ പാലം വഴി കായംകുളം-ആലപ്പുഴ ഭാഗത്തേക്ക് പോകേണ്ടതാണ്.
തിരുവനന്തപുരം ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന ലോങ് ചാസിസ് വാഹനങ്ങൾ, കണ്ടെയ്നറുകൾ ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾ ആശ്രാമം ഗ്രൗണ്ടിൽ പാർക്ക് ചെയ്ത ശേഷം ഗതാഗത നിയന്ത്രണം അവസാനിക്കുന്ന മുറയ്ക്ക് യാത്ര തുടരേണ്ടതാണ്.
ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കണമെന്നും പൊലീസ് നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ അഭ്യർത്ഥിച്ചു.












