ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെയും തിരഞ്ഞെടുപ്പ് കമ്മിഷണർമാരെയും നിയമിക്കുന്നതിനുള്ള 2023ലെ നിയമത്തെ ചോദ്യം ചെയ്തുള്ള ഹർജികൾ വിശാല ബെഞ്ചിന് വിടണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യത്തിൽ സുപ്രീംകോടതിയിൽ ഭിന്നവിധി. വിഷയം ഭരണഘടനാ ബെഞ്ചിന് വിടണമെന്ന കാര്യത്തിൽ ജസ്റ്റിസുമാരായ ദീപാങ്കർ ദത്തയും സതീഷ് ചന്ദ്ര ശർമയും വ്യത്യസ്ത നിലപാടുകളാണ് സ്വീകരിച്ചത്. തുടർന്ന് വിഷയം ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിടാൻ കോടതി തീരുമാനിച്ചു.
തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിക്കുന്ന സമിതിയിൽ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി പകരം കേന്ദ്രമന്ത്രിയെ ഉൾപ്പെടുത്തിയ 2023ലെ നിയമത്തിനെതിരെയാണ് ഹർജികൾ. ഭരണഘടനയുടെ 145(3) അനുച്ഛേദപ്രകാരം വിഷയം വിശാല ബെഞ്ചിന് വിടണമെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ ആവശ്യം.
അഞ്ച് ദിവസത്തിലേറെ ഹർജികളിൽ വാദം കേട്ടെന്നും ഇക്കാര്യത്തിൽ ഇരുജഡ്ജിമാരുടെയും അഭിപ്രായം വ്യത്യസ്തമാണെന്നും ജസ്റ്റിസ് ദീപാങ്കർ ദത്ത പറഞ്ഞു. ഭരണാധികാരികൾ നിയമത്തിന് വിധേയരാണെന്നത് ഭരണഘടനാ സംവിധാനത്തിന്റെ അടിസ്ഥാന തത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി. വിശാല ബെഞ്ചിലേക്ക് വിടണമെന്ന കേന്ദ്രത്തിന്റെ ആവശ്യം ദത്ത നിരസിച്ചു.
അതേസമയം, വിഷയത്തിൽ ഗൗരവമേറിയ നിയമപ്രശ്നം ഉൾപ്പെട്ടിട്ടുണ്ടെന്നും വിശാല ബെഞ്ച് പരിഗണിക്കണമെന്നും ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ നിലപാടെടുത്തു. അഭിപ്രായവ്യത്യാസം നിലനിൽക്കുന്നതിനാൽ കേസ് ചീഫ് ജസ്റ്റിസിന് മുന്നിൽ സമർപ്പിക്കാനും ഭരണഘടനാ ബെഞ്ച് രൂപീകരിക്കണമോ എന്ന് തീരുമാനിക്കാനും കോടതി നിർദേശിച്ചു. തുടർന്ന് അഞ്ച് ജഡ്ജിമാരടങ്ങുന്ന ഭരണഘടനാ ബെഞ്ചിലേക്ക് വിഷയം വിടാനുള്ള നടപടിയാണ് ഉണ്ടായത്.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വാതന്ത്ര്യം പ്രവർത്തനത്തിൽ മാത്രമല്ല, പുറമേയും പ്രകടമാകേണ്ടതുണ്ടെന്നും ജസ്റ്റിസ് ദത്ത നിരീക്ഷിച്ചു. പ്രധാനമന്ത്രി നാമനിർദേശം ചെയ്യുന്ന കേന്ദ്രമന്ത്രി പ്രധാനമന്ത്രിയുടെ തീരുമാനത്തിനെതിരെ വോട്ട് ചെയ്യുമോ എന്നതിലും അദ്ദേഹം സംശയം ഉന്നയിച്ചു.
2023ലെ നിയമപ്രകാരം പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ്, ഒരു കേന്ദ്ര കാബിനറ്റ് മന്ത്രി എന്നിവരടങ്ങുന്നതാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെയും മറ്റ് തിരഞ്ഞെടുപ്പ് കമ്മിഷണർമാരെയും തിരഞ്ഞെടുക്കുന്ന സമിതി. ചീഫ് ജസ്റ്റിസിനെ സമിതിയിൽ നിന്ന് ഒഴിവാക്കിയതിനെ ചോദ്യം ചെയ്താണ് ഹർജികൾ സുപ്രീംകോടതിയിലെത്തിയത്.




