പെരിയ: പ്രധാന തസ്തികകളിൽ സ്ഥിരം നിയമനം നടത്താത്തത് പെരിയ കേന്ദ്ര സർവകലാശാലയുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നതായി പരാതി. രജിസ്ട്രാർ, ഫിനാൻസ് ഓഫീസർ, ലൈബ്രേറിയൻ, എക്സിക്യൂട്ടീവ് എൻജിനീയർ തുടങ്ങിയ സുപ്രധാന തസ്തികകളാണ് മാസങ്ങളായി ഒഴിഞ്ഞുകിടക്കുന്നത്. അധ്യാപകർക്ക് അധിക ഭരണചുമതലകൾ നൽകുന്നത് പഠനപ്രവർത്തനങ്ങളെയും ബാധിക്കുന്നുവെന്നാണ് വിദ്യാർഥികളുടെ പരാതി.
കഴിഞ്ഞ ഒരു വർഷത്തോളമായി രജിസ്ട്രാർ പദവിയിൽ സ്ഥിരം നിയമനമില്ല. ഫിനാൻസ് ഓഫീസർ തസ്തികയിലും സ്ഥിരം നിയമനം നടന്നിട്ടില്ല. ലൈബ്രേറിയൻ, എക്സിക്യൂട്ടീവ് എൻജിനീയർ തസ്തികകളും സ്ഥിരം നിയമനമില്ലാതെ തുടരുകയാണ്. എക്സിക്യൂട്ടീവ് എൻജിനീയർ തസ്തിക ഒഴിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് മൂന്ന് വർഷത്തോളമായെന്നാണ് വിവരം.
ലീഗൽ സെൽ ഡയറക്ടർ, പർച്ചേസ് സെക്ഷൻ ഡെപ്യൂട്ടി രജിസ്ട്രാർ, റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സെൽ മേധാവി, എസ്റ്റേറ്റ് സെക്ഷൻ ജോയിന്റ് ഡയറക്ടർ, സ്പെഷ്യൽ ഓഫീസർ ടു വൈസ് ചാൻസലർ തുടങ്ങിയ തസ്തികകളിലും അധ്യാപകർക്ക് അധിക ചുമതല നൽകി ഇൻ-ചാർജ് സംവിധാനത്തിലാണ് പ്രവർത്തനം.
ഭരണപരമായ ചുമതലകൾ കൂടി ഏറ്റെടുക്കേണ്ടിവരുന്നതിനാൽ അധ്യാപകർക്ക് അധ്യാപനത്തിൽ ആവശ്യമായ സമയം ചെലവഴിക്കാനാകുന്നില്ലെന്നാണ് വിദ്യാർഥികളുടെ പ്രധാന പരാതി. ഇത് ക്ലാസുകളുടെ ക്രമത്തെയും പഠന നിലവാരത്തെയും ബാധിക്കുന്നതായും വിദ്യാർഥികൾ ആരോപിക്കുന്നു.
ഫിനാൻസ് ഓഫീസർ തസ്തികയിലേക്ക് കഴിഞ്ഞ മാസം അഭിമുഖം നടത്തിയിരുന്നു. 13 പേർ പങ്കെടുത്ത അഭിമുഖത്തിൽ ആരും തസ്തികയിലേക്ക് അനുയോജ്യരല്ലെന്നായിരുന്നു വൈസ് ചാൻസലറുടെ തീരുമാനം.
അതേസമയം, രജിസ്ട്രാർ നിയമനത്തിനായി വിജ്ഞാപനം പുറത്തിറക്കി ഏകദേശം പത്ത് മാസം പിന്നിട്ടിട്ടും നിയമനനടപടികൾ പൂർത്തിയാകാത്തതിലും ആക്ഷേപമുണ്ട്. നിയമന നടപടികൾ അനാവശ്യമായി നീണ്ടുപോകുകയാണെന്നാണ് ഉയരുന്ന പരാതി.
പ്രധാന ഭരണതസ്തികകളിൽ എത്രയും വേഗം സ്ഥിരം നിയമനം നടത്തി സർവകലാശാലയിലെ ഭരണസംവിധാനവും അക്കാദമിക പ്രവർത്തനങ്ങളും കാര്യക്ഷമമാക്കണമെന്നാണ് വിദ്യാർഥികളുടെയും ബന്ധപ്പെട്ടവരുടെയും ആവശ്യം.














