റിയാദ്: സൗദി അറേബ്യയുടെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി റിയാദ് നഗരത്തിൽ 15 പ്രധാന കേന്ദ്രങ്ങളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ച് റിയാദ് നഗരസഭ. സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ പങ്കാളികളാക്കിയാണ് ആഘോഷപരിപാടികൾ ഒരുക്കിയത്. നഗരസഭാ ഓഫീസുകൾക്ക് കീഴിലുള്ള 12 കേന്ദ്രങ്ങൾക്ക് പുറമെ ദീറ, റിയാദ് ഒയാസിസ് എന്നിവിടങ്ങളിലും പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു.
അൽ ഫലാഹ് ഡിസ്ട്രിക്റ്റിലെ അൽ ഹസ്ന ഗാർഡൻ, അൽ റിമാൽ ഡിസ്ട്രിക്റ്റിലെ അൽ സഫ്സാഫ് ഗാർഡൻ, അൽ ഹസം ഡിസ്ട്രിക്റ്റിലെ അൽ മജാസ് ഗാർഡൻ, കിങ് സൽമാൻ ഡിസ്ട്രിക്റ്റിലെ അൽ വാഹ ഗാർഡൻ, അൽ ജസീറ ഡിസ്ട്രിക്റ്റിലെ അൽ ജസീറ ഗാർഡൻ എന്നിവിടങ്ങളിലാണ് പ്രധാന ആഘോഷങ്ങൾ നടന്നത്.
പ്രധാന പാർക്കുകളിൽ സന്ദർശകർക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. തിയേറ്റർ ഷോകൾ, നാഷണൽ മാപ്പ് പസിൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫോട്ടോഗ്രാഫി, കാർഷികാനുഭവങ്ങൾ തുടങ്ങി വിവിധ പരിപാടികളും ജനപങ്കാളിത്തം ഉറപ്പാക്കുന്ന പ്രവർത്തനങ്ങളും ആഘോഷങ്ങളുടെ ഭാഗമായി നടന്നു.
സൗദി അറേബ്യയുടെ തനത് പാരമ്പര്യവും സംസ്കാരവും വിളിച്ചോതുന്ന പരിപാടികൾക്കാണ് ദീറയിലും റിയാദ് ഒയാസിസിലും പ്രാധാന്യം നൽകിയത്. ദീറയിൽ വിവിധ പ്രായക്കാർക്കായി നാടൻ കലാരൂപങ്ങളും വിനോദപരിപാടികളും അരങ്ങേറി.
റിയാദ് ഒയാസിസിൽ സൗദിയുടെ പരമ്പരാഗത പാചകരീതികളും സാംസ്കാരിക പാരമ്പര്യങ്ങളും പരിചയപ്പെടുത്തുന്ന പരിപാടികളും പരമ്പരാഗത കലകൾക്കും കൈത്തൊഴിലുകൾക്കും പ്രോത്സാഹനം നൽകുന്ന പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. കുട്ടികളെയും മുതിർന്നവരെയും ആകർഷിക്കുന്ന സൗദി അർദ നൃത്തവും മറ്റ് നാടൻ കലാരൂപങ്ങളും അവതരിപ്പിച്ചു.
ദേശീയ ദിനാഘോഷങ്ങളിലൂടെ പൊതുജന പങ്കാളിത്തം വർധിപ്പിക്കുകയും രാജ്യത്തോടുള്ള സ്നേഹവും അഭിമാനവും ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് നഗരസഭ വ്യക്തമാക്കി. നഗരത്തിലെ ജീവിതനിലവാരം ഉയർത്തുന്നതിനും സുസ്ഥിരവും സമൃദ്ധവുമായ റിയാദ് കെട്ടിപ്പടുക്കുന്നതിനുമുള്ള നഗരസഭയുടെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്.


