ആലപ്പുഴ: സിഎംആര്‍എല്‍ എംഡി ശശിധരന് കര്‍ത്തയുടെ ഡയറിയില്‍ തന്റെ പേര് വന്നതിനെപ്പറ്റി അറിയില്ലെന്ന് ജി സുധാകരന് എംഎല്‍എ. തന്റെ പേര് അതില്‍ എഴുതി ചേര്‍ത്തതായിരിക്കും. ഷോണ്‍ ജോര്‍ജ് എന്താണ് ധരിച്ചിരിക്കുന്നത്? പി സി ജോര്‍ജ് പോലും ജി സുധാകരനെതിരെ ഒന്നും പറഞ്ഞിട്ടില്ല. ഷോണ്‍ ജോര്‍ജ് കുറച്ച് ഓവറാണെന്നും ജി സുധാകരന് പറഞ്ഞു.
പാര്‍ട്ടിക്ക് പണം നല്‍കാമെന്ന് കര്‍ത്ത പറഞ്ഞപ്പോള്‍ താന്‍ എതിര്‍ക്കുകയാണ് ചെയ്തത്. കേസിന്റെ പ്രാധാന്യം കളയാന്‍ അനാവശ്യ പേരുകള്‍ എഴുതി ചേര്‍ക്കുന്നതായിരിക്കും. യഥാര്‍ത്ഥത്തില്‍ കാശു വാങ്ങിയവരെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. പേര് വന്നതില്‍ താന്‍ മാനനഷ്ടക്കേസ് ഒന്നും നല്‍കുന്നില്ല. മാനം ഉള്ളവര്‍ ഇതൊന്നും പറയില്ലല്ലോയെന്നും സുധാകരന് പറഞ്ഞു.
എന്തായാലും ഷോണ്‍ ജോര്‍ജിന്റെ പേര് ലിസ്റ്റില്‍ ഇല്ലല്ലോ?. അതു മതിയെന്ന് സുധാകരന് പ്രതികരിച്ചു. പി സി ജോര്‍ജ് പോലും തന്നെപ്പറ്റി അസംബ്ലിയില്‍ ഒന്നും പറഞ്ഞിട്ടില്ല. തന്നെപ്പറ്റി മാത്രമാണ് പിസി ജോര്‍ജ് ഒന്നും പറയാത്തത്. ഷോണ്‍ ജോര്‍ജിന് എവിടെ നിന്നും പേരു കിട്ടിയെന്നും സുധാകരൻ ചോദിക്കുന്നു.













