കണ്ണൂർ: അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് വിദ്യാർഥികളെ ഇടിച്ചുതെറിപ്പിച്ചു. കണ്ണൂർ താവക്കരയിൽ രാവിലെ ഒൻപതോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ട് വിദ്യാർഥികൾക്ക് ഗുരുതരമായി പരിക്കേറ്റു.
സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർഥികളായ ആവണി, സ്നേഹ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരുടെയും ശരീരത്തിലൂടെ ബസ് കയറിയിറങ്ങിയതായാണ് വിവരം. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥികളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് ആശുപത്രിയിൽ നിന്നുള്ള വിവരം.
വടകര റൂട്ടിൽ സർവീസ് നടത്തുന്ന ഐവാൻ ബസാണ് അപകടമുണ്ടാക്കിയത്. തിരക്കേറിയ താവക്കരയിൽ അതിവേഗത്തിൽ വളവ് തിരിഞ്ഞെത്തിയ ബസ് വിദ്യാർഥികളെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. അപകടത്തിന് പിന്നാലെ ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേർന്നാണ് വിദ്യാർഥികളെ ആശുപത്രിയിലെത്തിച്ചത്. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർ ആദർശിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കണ്ടക്ടറെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.














