റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഖോബാറിലെ ശിമാലിയ്യ പാർക്കിൽനിന്ന് കാണാതായ നാലുവയസ്സുകാരനായ ഇന്ത്യൻ ബാലനെ മരിച്ച നിലയിൽ കണ്ടെത്തി. ബിഹാർ വെസ്റ്റ് ചമ്പാരൻ ബെയ്ത്തിയ സ്വദേശിയായ യാസിറിന്റെ മകൻ റയ്യാനാണ് മരിച്ചത്. പാർക്കിന് സമീപത്തെ ഫൗണ്ടനിൽനിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ മാതാപിതാക്കൾക്കൊപ്പം പാർക്കിലെത്തിയ റയ്യാനെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്ന് പൊലീസും ബന്ധുക്കളും ചേർന്ന് വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും ചൊവ്വാഴ്ച ഉച്ചവരെ കുട്ടിയെ കണ്ടെത്താനായില്ല.
വൈകിട്ടോടെ പാർക്കിനോട് ചേർന്നുള്ള ഫൗണ്ടനിൽനിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർനടപടികൾക്കായി മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.















