സംസ്ഥാനത്തെ മന്ത്രിമാരുടെ വാഹനങ്ങളെല്ലാം പത്ത് വർഷത്തോളം പഴക്കമുള്ളതാണെന്നും അതിനാൽ സുഹൃത്തുക്കളുടെ വാഹനങ്ങൾ ഉപയോഗിക്കുന്നതിന് എന്താണ് കുഴപ്പമെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിഡി സതീശൻ ചോദിച്ചിരുന്നു. കെഎം ഷാജിയുടെ റേഞ്ച് റോവർ യാത്രയെ ന്യായീകരിക്കാനായിരുന്നു മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. എന്നാൽ ഇത് സത്യമാണോ? മന്ത്രിമാരുടെ വാഹനങ്ങളെല്ലാം ഇത്രയും പഴക്കമുള്ളതാണോ? ഒരു മന്ത്രിയുടെ പോലും വാഹനത്തിന് പത്തുവര്‍ഷം പഴക്കമില്ലെന്ന് വ്യക്തമാക്കുന്ന സര്‍ക്കാര്‍ രേഖ പുറത്ത് വന്നതോടെ മുഖ്യമന്ത്രിയുടെ വാദങ്ങൾ പൊളിയുകയാണ്.
റിപ്പോർട്ടർ ചാനലാണ് സർക്കാർ രേഖകൾ സഹിതം മുഖ്യമന്ത്രിയെ എതിർത്ത് രംഗത്തെത്തിയത്. ഭൂരിഭാഗം മന്ത്രിമാരുടെയും സര്‍ക്കാര്‍ അനുവദിച്ച വാഹനങ്ങളുടെ പഴക്കം അഞ്ച് വര്‍ഷത്തില്‍ താഴെയാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാണെന്ന് റിപ്പോർട്ടർ വ്യക്തമാക്കുന്നു. ഇതില്‍ തന്നെ മുഖ്യമന്ത്രിയുടേത് ഉള്‍പ്പെടെ അഞ്ച് മന്ത്രിമാരുടെ വാഹനങ്ങളുടെ പഴക്കം രണ്ടു വര്‍ഷത്തില്‍ താഴെയാണ്. പിന്നെ എട്ടു മന്ത്രിമാരുടെ വാഹനങ്ങളുടെ പഴക്കം നാല് വര്‍ഷത്തില്‍ താഴേയാണ്. മുഖ്യമന്ത്രി നിലവില്‍ രണ്ട് കാറുകളാണ് ഉപയോഗിക്കുന്നത്. അതിലൊരു വാഹനം 2024-ലും മറ്റൊന്ന് 2022-ലുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, കെ മുരളീധരന്, ഷിബു ബേബി ജോണ്‍, പി സി വിഷ്ണുനാഥ് എന്നിവരുടെ ഇന്നോവ ക്രിസ്റ്റ 2024-ല്‍ രജിസ്റ്റര്‍ ചെയ്തവയാണ്. സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വാഹനം 2022-ലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഇന്നോവ ക്രിസ്റ്റ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 2017-ലാണ്. ഇതാണ് നിലവില്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ഏറ്റവും കാലപ്പഴക്കം ചെന്നതില്‍ ഒന്ന്. 2017-ല്‍ രജിസ്റ്റര്‍ ചെയ്ത വാഹനം തന്നെയാണ് ഈ വിവാദങ്ങളെല്ലാം തുടങ്ങിയിട്ട മന്ത്രി കെ എം ഷാജിയും ഉപയോഗിക്കുന്നത്. അതായത് ഏകദേശം 9 വർഷത്തോളം പഴക്കം. ഇത് പക്ഷേ, ഔദ്യോഗിക സർക്കാർ രജിസ്ട്രേഷൻ സ്വകാര്യ ആഡംബര വാഹനത്തിൽ വെച്ച് അത് ഉപയോഗിച്ചതിനുള്ള ന്യായീകരണം ഒരു തരത്തിലും ആകുന്നില്ല.
ഹൈക്കോടതിയിലെ ജസ്റ്റിസുമാര്‍ ഉപയോഗിച്ച വാഹനങ്ങളും കാലപ്പഴക്കം ഉള്ളവയല്ല. പട്ടികയിലുള്ളതില്‍ ഒന്നോ രണ്ടോ വാഹനങ്ങള്‍ മാത്രമാണ് KL-01 രജിസ്ട്രേഷന് അല്ലാത്തത്. ടൂറിസം വകുപ്പിന്റെ ഗ്യാരേജില്‍ നിന്നാണ് ഈ വാഹനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടുള്ളത്. ഏറ്റവും കണ്ടീഷനായ ഉപയോഗക്ഷമമായ വാഹനങ്ങള്‍ മാത്രമാണ് മന്ത്രിമാര്‍ക്കായി സംസ്ഥാന ടൂറിസം വകുപ്പ് നല്‍കിയിട്ടുള്ളതെന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസം മന്ത്രി കെ എം ഷാജിയുടെ ആഡംബര യാത്രയെ കുറിച്ചുള്ള ചോദ്യത്തിലായിരുന്നു സര്‍ക്കാര്‍ വാഹനങ്ങളുടെ കാലപ്പഴക്കം പത്തുവര്ഷത്തിലേറെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞത്. പല മന്ത്രിമാരുടെയും വാഹനങ്ങള്‍ യാത്രയ്ക്കിടെ പണിമുടക്കാറുണ്ടെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാന യാത്രയുടെ കൂടുതൽ വിവരങ്ങളും ഇതിനോട് അനുബന്ധിച്ച് പുറത്ത് വരുന്നുണ്ട്. വാടകക്കരാര്‍ പുതുക്കാനുള്ള അപേക്ഷ സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ നല്‍കിയിരിക്കുന്ന സ്വകാര്യ ഹെലികോപ്റ്റര്‍ കമ്പനിയായ ചിപ്സണ്‍ ഏവിയേഷന്‍സാണ് ഏകദേശം 20 ലക്ഷത്തോളം രൂപ ചിലവ് വരുന്ന ഈ യാത്രയുടെ പണമടച്ചിരിക്കുന്നത് എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. തുക അടച്ചതായും യാത്ര ക്രമീകരിച്ചതായും ചിപ്സണ്‍ ഏവിയേഷന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ, സംഭവത്തില്‍ ദുരൂഹത ഏറുകയാണ്. സ്പോൺസർ ഒരു മലയാളിയാണെന്നും പേര് പറയാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും ഇനിയും ഇത്തരത്തിൽ സഹായങ്ങൾ സ്വീകരിക്കുമെന്നുമായിരുന്നു ഈ വിഷയത്തെ കുറിച്ച് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയത്. പിന്നാലെയാണ് യാത്രയുടെ സകല വിവരങ്ങളും ചികഞ്ഞെടുത്ത് മാധ്യമങ്ങൾ പൊതുമധ്യത്തിലേക്ക് കൊണ്ടിട്ടിരിക്കുന്നത്. ഇനി ഈ വിഷയത്തിൽ അടുത്ത ബുധനാഴ്ച്ചത്തെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി എന്ത് ന്യായീകരണങ്ങളുമായെത്തും എന്നത് കാത്തിരുന്ന് കാണേണ്ടതാണ്.












