ന്യൂഡൽഹി: സിജെപി സമരത്തിൽ തന്റെ ചിത്രം എഐ സഹായത്തോടെ മോർഫ് ചെയ്ത് ഉപയോഗിച്ചെന്ന പരാതിയുമായി യുവതി ഡൽഹി പൊലീസിനെ സമീപിച്ചു. സിജെപി നേതാക്കൾക്കെതിരെയാണ് യുവതി പരാതി നൽകിയത്. പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും പരാമർശിച്ച നേതാക്കളെ കേസിൽ പ്രതിചേർത്തിട്ടില്ല.
നീറ്റ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് ജന്തർമന്തറിൽ സംഘടിപ്പിച്ച സിജെപി സമരത്തിലാണ് തന്റെ ചിത്രം മോർഫ് ചെയ്ത് ഉപയോഗിച്ചതെന്നാണ് യുവതിയുടെ ആരോപണം. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ചിത്രം മോർഫ് ചെയ്ത ശേഷം പ്രധാനമന്ത്രിയുടെ ചിത്രത്തിനൊപ്പം ചേർത്ത് പ്രചരിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. സമരക്കാരുടെ വലിയ ബാനറുകളിലും സമൂഹമാധ്യമങ്ങളിലെ വീഡിയോകളിലും മോർഫ് ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ചെന്നും അധിക്ഷേപകരമായ മുദ്രാവാക്യങ്ങൾക്കൊപ്പമാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചതെന്നും യുവതി ആരോപിച്ചു.
തനിക്ക് സിജെപിയുമായി യാതൊരു ബന്ധവുമില്ലെന്നും തന്റെ അനുമതിയില്ലാതെയാണ് ചിത്രം സമരത്തിനായി ഉപയോഗിച്ചതെന്നും യുവതി പരാതിയിൽ വ്യക്തമാക്കി. പിന്നീട് ചിത്രം പലരീതിയിൽ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതായും ഇതോടെ സൽപ്പേരിന് കളങ്കമുണ്ടായെന്നും യുവതി ആരോപിച്ചു. സംഭവത്തിന് പിന്നാലെ ഭീഷണികൾ ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നതായും പരാതിയിലുണ്ട്.
സിജെപി സ്ഥാപക നേതാക്കളായ അഭിജിത് ദീപ്കെ, സൗരവ് ദാസ് എന്നിവർക്കെതിരെയാണ് യുവതി ഡൽഹി പൊലീസിൽ പരാതി നൽകിയത്. എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും സിജെപി നേതാക്കളെ പ്രതിചേർത്തിട്ടില്ല. സംഭവത്തിൽ എല്ലാ വശങ്ങളും പരിശോധിച്ച് അന്വേഷണം നടത്തിവരികയാണെന്നാണ് ഡൽഹി പൊലീസിന്റെ പ്രതികരണം.















