കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചെന്ന നടി അൻസിബ ഹസന്റെ പരാതിയിൽ നടി ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാൻ പൊലീസിന് കോടതി നിർദേശം. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് നിർദേശം നൽകിയത്.
അശ്ലീല പരാമർശങ്ങൾ ഉൾപ്പെടുത്തി ലക്ഷ്മി പ്രിയ വ്യക്തിഹത്യ നടത്തിയെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശങ്ങൾ നടത്തിയെന്നും ആരോപിച്ചാണ് അൻസിബ നേരത്തെ പൊലീസിൽ പരാതി നൽകിയത്. എന്നാൽ പൊലീസ് കേസെടുക്കാതിരുന്നതിനെ തുടർന്ന് അൻസിബ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. പരാതി സ്വകാര്യ പരാതിയായി പരിഗണിക്കാനായിരുന്നു നേരത്തെ കോടതിയുടെ നിർദേശം.
തുടർന്ന് അൻസിബ ഹൈക്കോടതിയെ സമീപിച്ചു. പരാതി വീണ്ടും പരിശോധിക്കാൻ ഹൈക്കോടതി കീഴ്ക്കോടതിക്ക് നിർദേശം നൽകി. ഇതിന് പിന്നാലെയാണ് ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതി പൊലീസിന് നിർദേശം നൽകിയത്.












