കൊല്ലം: വീടിനുള്ളിൽ അതിക്രമിച്ച് കയറി യുവതിയെ മർദിച്ചശേഷം അയൽവാസി വീട് തീവെച്ച് നശിപ്പിച്ചതായി പരാതി. കണ്ണനല്ലൂർ ചേരീക്കോണത്തെ പുറമ്പോക്കുഭൂമിയിൽ താമസിക്കുന്ന സജീനയുടെ കുടുംബമാണ് പൊലീസിൽ പരാതി നൽകിയത്.
സജീനയും വിധവയായ മകളും മൂന്ന് മക്കളും ഉൾപ്പെടുന്നതാണ് വീട്ടിലെ താമസക്കാർ. സജീനയുടെ മകൾക്കാണ് മർദനമേറ്റത്. മർദനത്തെ തുടർന്ന് യുവതി നിലവിളിച്ച് വീടിന് പുറത്തേക്ക് ഓടിയതിന് പിന്നാലെയാണ് വീടിന് തീയിട്ടതെന്നാണ് പരാതിയിൽ പറയുന്നത്.
കുണ്ടറയിൽനിന്ന് അഗ്നിരക്ഷാസേന എത്തിയപ്പോഴേക്കും വീട് പൂർണമായും കത്തിനശിച്ചിരുന്നു. നാട്ടുകാർ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും തീ നിയന്ത്രണവിധേയമാക്കാനായില്ല. വീട്ടുപകരണങ്ങൾ, കുട്ടികളുടെയും കൊച്ചുമക്കളുടെയും വസ്ത്രങ്ങൾ, പഠനോപകരണങ്ങൾ എന്നിവ ഉൾപ്പെടെ എല്ലാം കത്തിനശിച്ചതായി സജീന പറഞ്ഞു.
സംഭവത്തിൽ കണ്ണനല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


