തിരുവനന്തപുരം: 18-ാമത് അന്താരാഷ്ട്ര ഹ്രസ്വചിത്ര-ഡോക്യുമെന്ററി മേളയിൽ 23 ചിത്രങ്ങളുടെ പ്രദർശന സമയക്രമം നിശ്ചയിച്ചു. പുതുതായി പ്രദർശനാനുമതി ലഭിച്ച മൂന്ന് മത്സരവിഭാഗ ചിത്രങ്ങളും ഇതിൽ ഉൾപ്പെടും.
കോമ്പറ്റീഷൻ ഷോർട്ട് ഫിക്ഷൻ വിഭാഗത്തിലെ ഷിജിൻ വി. സംവിധാനം ചെയ്ത മലയാളം-തമിഴ് ചിത്രം ഗ്ലോബ് സെപ്റ്റംബർ 27ന് ഉച്ചയ്ക്ക് 2.30ന് കൈരളി തിയേറ്ററിൽ പ്രദർശിപ്പിക്കും. മറാത്തി ചിത്രം ഭിന്തീല പാഠ് സെപ്റ്റംബർ 28ന് രാവിലെ 11.30നും കൻഹയ്യ ത്രിവേദിയുടെ എ ഹാൻഡ്ഷേക്ക് വൈകിട്ട് 6.15നും കൈരളിയിൽ പ്രദർശിപ്പിക്കും.
ഫോക്കസ് ഷോർട്ട് ഫിക്ഷൻ വിഭാഗത്തിലെ ഹിന്ദി ചിത്രങ്ങളായ മദർ ടംഗ്, കത്പുത്ലിയാ എന്നിവ സെപ്റ്റംബർ 27ന് രാവിലെ 11.15ന് ശ്രീ തിയേറ്ററിൽ പ്രദർശിപ്പിക്കും. ഇന്റർനാഷണൽ ഫിക്ഷൻ വിഭാഗത്തിലെ പോർഡെൻട്രോ, മെലറ്റോണിൻ, റാഹ എന്നീ ചിത്രങ്ങൾ സെപ്റ്റംബർ 28ന് രാത്രി 8.15ന് ശ്രീ തിയേറ്ററിൽ കാണാം. ഇന്റർനാഷണൽ നോൺ-ഫിക്ഷൻ വിഭാഗത്തിലെ ഔർ ലാൻഡ് സെപ്റ്റംബർ 30ന് ഉച്ചയ്ക്ക് 2.15ന് നിളയിലും കവർ-അപ്പ് സെപ്റ്റംബർ 29ന് രാത്രി 8.30ന് കൈരളിയിലും പ്രദർശിപ്പിക്കും.
58 സെപ്റ്റംബർ 27ന് രാത്രി 8.15ന് ശ്രീ തിയേറ്ററിലും പ്ലാൻ കോൺട്രാപ്ലാൻ സെപ്റ്റംബർ 30ന് രാവിലെ 9.30ന് കൈരളിയിലും പ്രദർശിപ്പിക്കും. മെമ്മറീസ് ഓഫ് എ വിൻഡോ, പുട്ട് യുവർ സോൾ ഓൺ യുവർ ഹാന്റ് ആൻഡ് വാക്ക്, മൈ ഫാദർ ആൻഡ് ഖദ്ദാഫി, സൈലൻസ്ഡ്, ദി മാച്ച് എന്നീ ചിത്രങ്ങളും വിവിധ തീയതികളിലായി പ്രദർശിപ്പിക്കും.
ഫെസ്റ്റിവൽ വിന്നേഴ്സ് വിഭാഗത്തിൽ ബേർഡ്സ് ഓഫ് വാർ, ഗൈഡഡ് ടൂർ, റിഹേഴ്സൽസ് ഫോർ എ റെവല്യൂഷൻ, വൺ ഇൻ എ മില്യൺ എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും. നേപ്പാളി ചിത്രങ്ങളുടെ പ്രത്യേക വിഭാഗത്തിൽ സുശീൽ സപ്കോട്ടയുടെ ബാൻഡ് എയ്ഡ്സ് സെപ്റ്റംബർ 29ന് രാവിലെ 9ന് നിള തിയേറ്ററിൽ പ്രദർശിപ്പിക്കും. പുതുക്കിയ പ്രദർശന സമയക്രമം ഡെലിഗേറ്റുകൾ ശ്രദ്ധിക്കണമെന്ന് മേളയുടെ സംഘാടകർ അറിയിച്ചു.












