ഇംഫാൽ: മണിപ്പൂരിലെ സേനാപതി ജില്ലയിലെ കലൻജാങ് ഗ്രാമത്തിലുണ്ടായ വെടിവെപ്പിൽ രണ്ട് നാഗാ വിഭാഗക്കാർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
ചൗവൈനാമേയി സ്വദേശിയായ റോക്കി മാവോ, ലായി ഷിറാഫി സ്വദേശിയായ കുമാർ പൗമായി എന്നിവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ സേനാപതി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
കലൻജാങ് ഗ്രാമത്തലവന്റെ വീട്ടിലുണ്ടായിരുന്ന നാഗാ വിഭാഗക്കാരെ ലക്ഷ്യമിട്ടാണ് വെടിവെപ്പുണ്ടായതെന്ന് പൊലീസ് പറഞ്ഞു. അജ്ഞാതരായ ആയുധധാരികളാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രണ്ട് നാഗാ യുവാക്കൾ കുക്കി ഗ്രാമത്തലവന്റെ വീട്ടിൽ ഉണ്ടായിരുന്നതിന്റെ കാരണം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു. ആക്രമണത്തിന് പിന്നിൽ കുക്കി വിഭാഗത്തിൽപ്പെട്ടവരാണെന്നാണ് പ്രാദേശിക വൃത്തങ്ങളുടെ ആരോപണം. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
സംഭവത്തിൽ മണിപ്പൂർ മുഖ്യമന്ത്രി യുമ്നം ഖേംചന്ദ് സിംഗ് അപലപിച്ചു. ആക്രമണത്തെ ‘ഭീരുത്വപരമായ അക്രമം’ എന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. സംസ്ഥാനത്ത് സമാധാനം നിലനിർത്താൻ എല്ലാവരും സംയമനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന് രണ്ട് ദിവസം മുമ്പ് കാംജോങ് ജില്ലയിലെ പിലോങ് ഗ്രാമത്തിലുണ്ടായ വെടിവെപ്പിൽ നാല് താങ്ഖുൽ നാഗാ വിഭാഗക്കാർ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യ–മ്യാൻമർ അതിർത്തിക്ക് സമീപമായിരുന്നു സംഭവം.
രണ്ട് ദിവസത്തിനിടെ വ്യത്യസ്ത ആക്രമണങ്ങളിലായി ആറ് നാഗാ വിഭാഗക്കാർ കൊല്ലപ്പെട്ടതോടെ നാഗാ പൗരന്മാരുടെ സുരക്ഷയെക്കുറിച്ച് വിവിധ സംഘടനകൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി വിവിധ ജില്ലകൾ സന്ദർശിക്കുകയും കുക്കി-സോ, നാഗ വിഭാഗങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തുവരികയാണ്.












