പാലക്കാട്: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്കെതിരെ സർക്കാരിനെ വിമർശിച്ച് യൂത്ത് ലീഗ്. പാലക്കാട് ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് സർക്കാരിനെതിരെ വിമർശനം ഉയർന്നത്. വൈദ്യുതി പ്രതിസന്ധി സർക്കാരിന് കളങ്കമുണ്ടാക്കിയെന്നും ഇത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയാണെന്നും പ്രമേയത്തിൽ കുറ്റപ്പെടുത്തി.
വൈദ്യുതി പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണമെന്നും ഇനിയും പ്രതിസന്ധി തുടർന്നാൽ ജനപക്ഷത്ത് നിന്ന് സർക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നും യൂത്ത് ലീഗ് മുന്നറിയിപ്പ് നൽകി.
അതേസമയം, കെ.എം. ഷാജിയെ ലക്ഷ്യമിട്ടും പ്രമേയത്തിൽ പരാമർശമുണ്ടായി. ജനപ്രതിനിധികൾ ജാഗ്രത പാലിക്കണമെന്നും വിവാദങ്ങളിൽ അകപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
മന്ത്രിമാരോ ജനപ്രതിനിധികളോ ജനങ്ങളോട് അനീതി കാണിക്കുകയോ വഴിവിട്ട രീതിയിൽ പ്രവർത്തിക്കുകയോ ചെയ്താൽ അത് തുറന്നെതിർക്കുകയും തിരുത്തിക്കുകയും ചെയ്യുമെന്നും പ്രമേയത്തിൽ വ്യക്തമാക്കി.


