തിരഞ്ഞെടുപ്പുകളിൽ ഒരു പാർട്ടിയുടെ ബാനറിൽ നിന്ന് ജയിച്ച ശേഷം പിന്നീട് രാഷ്ട്രീയ പാർട്ടി മാറുന്ന എംഎൽഎമാരുടേയും എംപിമാരുടേയും വാർത്തകൾ നാം കണ്ടിട്ടുണ്ടാകും. ഒരുപക്ഷേ നിങ്ങളുടെ അറിവിൽ അങ്ങനെ മാറിയവർ അഞ്ചോ പത്തോ കൂടിവന്നാൽ ഇരുപതോ മാത്രമായിരിക്കും ഉണ്ടാകുക. എന്നാൽ അറിഞ്ഞോളൂ, കഴി നാല് വർഷത്തിനിടെ മാത്രം രാജ്യത്ത് വിജയിച്ച് പാർട്ടി മാറിയ സിറ്റിങ് എംപിമാരുടേയും എംഎൽഎമാരുടേയും എണ്ണം 111 ആണ്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും (എഡിആർ), നാഷണൽ ഇലക്ഷൻ വാച്ചും ചേർന്ന് പുറത്തുവിട്ട പഠന റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. 2022 മുതൽ 2026 വരെയുള്ള കാലയളവിൽ നടന്ന തെരഞ്ഞെടുപ്പുകളിലും ഉപതെരഞ്ഞെടുപ്പുകളിലും വിജയിച്ച ജനപ്രതിനിധികളെ ആസ്പദമാക്കിയാണ് പഠനം നടത്തിയത്. ഇതിൽ 26 ലോക്സഭാ എംപിമാരും, 7 രാജ്യസഭാ എംപിമാരും, 78 എംഎൽഎമാരും ഉൾപ്പെടുന്നു.
പാർട്ടി മാറിയ ജനപ്രതിനിധികളിൽ 26 ശതമാനം പേരും , അതായത് 29 പേരും പോയത് ബിജെപിയിലേക്കാണ്. എഎപിയിൽ നിന്നുള്ള 7 രാജ്യസഭാ എംപിമാരും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കോൺഗ്രസ്, ജെഡിയു, എസ്പി, കെആർപിപി എംഎൽഎമാരും ഇതിൽ ഉൾപ്പെടുന്നു. സ്വാതി മലിവാൽ, രാഘവ് ചദ്ദ, ഹർഭജൻ സിങ്, അശോക് മിത്തൽ, സന്ദീപ് കുമാർ പഥക്, വിക്രംജിത് സിങ് സാഹ്നി, രാജീന്ദർ ഗുപ്ത എന്നീ 7 എഎപി എംപിമാർ ബിജെപിയിൽ ചേർന്നു. എന്നാൽ ഈ കാലയളവിൽ ലോക്സഭയിൽ നിന്ന് ഒരു എംപി പോലും ബിജെപിയിലേക്ക് മാറിയിട്ടില്ല.
എന്നാൽ ഏറ്റവും കൂടുതൽ ജനപ്രതിനിധികൾ എത്തിയത് ബിജെപിയിലേക്കല്ല. നാഗാലാൻഡിലെ നാഗാ പീപ്പിൾസ് ഫ്രണ്ട് എന്ന NPFലേക്കാണ്. 32 ജനപ്രതിനിധികളാണ് ഇങ്ങനെ മാറിയത്, അതായത് 29% പേർ. നാഗാലാൻഡിലെ രാഷ്ട്രീയ മാറ്റമാണ് ഇതിന് പ്രധാന കാരണം. എന്നാൽ ഇത് വ്യക്തിഗതമായ പാർട്ടി മാറ്റമല്ല, മറിച്ച് മുഖ്യമന്ത്രി നീഫിയു റിയോയുടെ നേതൃത്വത്തിലുള്ള എൻഡിപിപി എൻപിഎഫിൽ ലയിച്ചതിനെത്തുടർന്നുണ്ടായ മാറ്റമാണ്. നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ (എൻസിപിഐ) 20 പേരെയും, കോൺഗ്രസ് 9 പേരെയും, ശിവസേന 8 പേരെയും സ്വന്തമാക്കി. തൃണമൂൽ കോൺഗ്രസിൽ നിന്ന് വിമതരായ 20 ലോക്സഭാ എംപിമാരാണ് എൻസിപിഐയിൽ ലയിച്ച് എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്.
2026ലെ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം തൃണമൂൽ കോൺഗ്രസിലെ 20 ലോക്സഭാ എംപിമാർ പാർട്ടി വിട്ട് എൻസിപിഐയിൽ ലയിച്ചു. ഇവർ ലോക്സഭയിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് പിന്തുണയും പ്രഖ്യാപിച്ചു. അതേസമയം, ഏറ്റവും കൂടുതൽ ജനപ്രതിനിധികളെ നഷ്ടപ്പെട്ടത് NDPPക്കാണ്. 25 പേരാണ് എൻഡിപിപി വിട്ടത്. തൃണമൂൽ കോൺഗ്രസിന് 20 പേരെയും കോൺഗ്രസിന് 19 പേരെയും നഷ്ടമായി. ഈ മൂന്ന് പാർട്ടികളിൽ നിന്നായി 64 ജനപ്രതിനിധികളാണ് പാർട്ടി മാറിയത്. ആകെ 111 പേരുടെ 58 ശതമാനമാണിത്.
രാജ്യത്തെ 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ഇത്തരത്തിൽ പാർട്ടി മാറ്റം നടന്നിട്ടുള്ളത്. ഏറ്റവും കൂടുതൽ പേർ പാർട്ടി മാറിയത് നാഗാലാൻഡിലാണ് (32). പശ്ചിമ ബംഗാൾ (20), തെലങ്കാന (9), ഗോവ (8), പഞ്ചാബ് (8) എന്നിവയാണ് തൊട്ടുപിന്നിൽ.
എഡിആർ പഠനത്തിൽ ഉൾപ്പെടുത്തിയ 543 ലോക്സഭാ എംപിമാരിൽ 26 പേരാണ് തിരഞ്ഞെടുക്കപ്പെട്ട ശേഷം പാർട്ടി മാറിയത്. ഇത് ഏകദേശം അഞ്ച് ശതമാനമാണ്. 233 രാജ്യസഭാ എംപിമാരിൽ ഏഴ് പേരും പാർട്ടി മാറി. ഇത് മൂന്ന് ശതമാനത്തോളം വരും. 4,100 എംഎൽഎമാരിൽ 78 പേരും തിരഞ്ഞെടുപ്പിന് ശേഷം പാർട്ടി മാറിയതായി റിപ്പോർട്ട് പറയുന്നു. ഇത് ഏകദേശം രണ്ട് ശതമാനമാണ്. എംപിമാരുടെയും എംഎൽഎമാരുടെയും തിരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങളാണ് പഠനത്തിനായി പ്രധാനമായും ഉപയോഗിച്ചത്.
പലര കാരണങ്ങളാണ് നേതാക്കളെ ഇത്തരത്തിൽ പാർട്ടി മാറ്റങ്ങളിലേക്ക് നയിക്കുന്നത്. പണവും അധികാരവും കാണിച്ച് എതിർ കക്ഷി നേതാക്കളെ റാഞ്ചുന്ന ബിജെപി രീതി നമ്മളേറെ കണ്ടതാണ്. ED പോലുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും ബിജെപി ഇത്തരത്തിൽ നേതാക്കളെ പാളയത്തിലെത്തിക്കുന്നുണ്ട്. ഉൾപാർട്ടി സംഘർഷങ്ങൾ മൂലം ഇടഞ്ഞ് പാർട്ടി വിടുന്നവരാണ് മറ്റൊരു പക്ഷം.
പാർട്ടി മാറ്റങ്ങളുടെ കണക്കുകൾ പുറത്തുവിട്ടതിന് പിന്നാലെ കൂറുമാറ്റ നിരോധന നിയമത്തിൽ മാറ്റം വേണമെന്ന ആവശ്യം വീണ്ടും ശക്തമാകുകയാണ്. സ്പീക്കർമാർക്ക് പകരം എംപിമാരുടെ അയോഗ്യത സംബന്ധിച്ച തീരുമാനത്തിൽ രാഷ്ട്രപതിയും എംഎൽഎമാരുടെ കാര്യത്തിൽ ഗവർണറും തീരുമാനമെടുക്കുന്ന സംവിധാനം വേണമെന്നാണ് നിർദേശം. കൂറുമാറുന്ന ജനപ്രതിനിധികൾ ഔദ്യോഗിക പദവികൾ വഹിക്കുന്നത് തടയണമെന്നും സമയബന്ധിതമായി ഹർജികളിൽ തീരുമാനമെടുക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.
ജനപ്രതിനിധികളുടെ ഈ വൻതോതിലുള്ള കൂറുമാറ്റം, ഇന്ത്യൻ ജനാധിപത്യം നേരിടുന്ന ഏറ്റവും ഗുരുതരമായ അപചയത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഒരു പ്രത്യേക രാഷ്ട്രീയ പ്രകടനപത്രികയും ആശയങ്ങളും വിശ്വസിച്ച് വോട്ട് ചെയ്ത ജനങ്ങളെയും, തിരഞ്ഞെടുപ്പ് പ്രക്രിയയെയും പൂർണ്ണമായും അനാദരിക്കുന്ന രീതിയിലാണ് ജനപ്രതിനിധികൾ സ്വന്തം നേട്ടങ്ങൾക്കായി പാർട്ടികൾ മാറുന്നത്. പണവും അധികാരവും വാഗ്ദാനം ചെയ്തും, കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും നടക്കുന്ന ഇത്തരം “കുതിരക്കച്ചവടങ്ങൾ” കേവലം വ്യക്തിഗതമായ തീരുമാനങ്ങളല്ല, മറിച്ച് ജനവിധിയെത്തന്നെ തകിടം മറിക്കുന്ന ജനാധിപത്യവിരുദ്ധ നടപടിയാണ്.
തീരുമാനങ്ങളെടുക്കാൻ വൈകിക്കുന്ന സ്പീക്കർമാരുടെ നിലപാടുകളും നിലവിലുള്ള അപര്യാപ്തമായ നിയമങ്ങളും ഇക്കൂട്ടർക്ക് സുരക്ഷിത താവളമൊരുക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ഇത്തരം വഞ്ചനാപരമായ കൂറുമാറ്റങ്ങൾക്ക് അടിയന്തരമായി വിരാമമിടാൻ ശക്തമായ നിയമനിർമ്മാണവും, ജനപ്രതിനിധികളെ അയോഗ്യരാക്കുന്നതിൽ നിർണ്ണായകവും സമയബന്ധിതവുമായ തീരുമാനങ്ങളും അത്യന്താപേക്ഷിതമാണ്. അല്ലാത്തപക്ഷം, ജനങ്ങൾക്ക് ജനാധിപത്യ സംവിധാനത്തിലും വോട്ടവകാശത്തിലുമുള്ള വിശ്വാസം പൂർണ്ണമായി നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകും.












