മുംബൈ: മഹാരാഷ്ട്രയിൽ ഗർഭിണിയായ യുവതിയെ ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് സ്ത്രീകളടക്കം നാല് പേർ അറസ്റ്റിൽ. അഹല്യനഗറിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. അഹല്യനഗർ സ്വദേശിനി പിങ്കി ഹനുമന്ത് കട്ക (31) ആണ് കൊല്ലപ്പെട്ടത്. ധൂലെ-സോലാപൂർ ദേശീയപാതയോരത്ത് പകുതി കരിഞ്ഞ നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
ജാംഖേഡിലെ ഒരു ആർട്ട് സെന്ററിൽ ഉണ്ടായ വ്യക്തിപരമായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണ വിവരം. പ്രതികൾ യുവതിയെ മർദിക്കുകയും തുടർന്ന് ബോധരഹിതയായി വീഴുകയുമായിരുന്നു. യുവതി മരിച്ചെന്ന് കരുതിയ പ്രതികൾ തെളിവ് നശിപ്പിക്കാനായി മൃതദേഹം കാറിൽ കയറ്റി സംഭവസ്ഥലത്തുനിന്ന് ഏകദേശം 275 കിലോമീറ്റർ അകലെയുള്ള വിജനമായ പ്രദേശത്തേക്ക് കൊണ്ടുപോയി.
അവിടെ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. എന്നാൽ ആ സമയത്ത് യുവതിക്ക് ജീവനുണ്ടായിരുന്നെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. ദേശീയപാതയോരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തിയതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഹൈവേയിലെ സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ ടവർ ലൊക്കേഷൻ, സംശയാസ്പദമായ വാഹനത്തിന്റെ വിവരങ്ങൾ എന്നിവ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടർന്ന് ദിവസങ്ങൾക്കകം നാല് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.












