ന്യൂഡൽഹി: സമഗ്ര വോട്ടർപട്ടിക പരിഷ്കരണമായ എസ്‌ഐആറിന്റെ ഭാഗമായി കരട് വോട്ടർപട്ടികയിൽനിന്ന് പേരുകൾ നീക്കം ചെയ്യുന്ന രീതിക്കെതിരെ ബംഗാളിലെ സർക്കാർ ഉദ്യോഗസ്ഥരുടെ സംഘടന നേരത്തെ എതിർപ്പ് അറിയിച്ചിരുന്നതായി റിപ്പോർട്ട്.
ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാരുടെയും (ഇആർഒ) ബൂത്ത് ലെവൽ ഓഫിസർമാരുടെയും (ബിഎൽഒ) സംഘടനയായ ഡബ്ല്യുബിസിഎസ് (എക്സിക്യൂട്ടീവ്) ഓഫിസേഴ്സ് അസോസിയേഷൻ കഴിഞ്ഞ ഡിസംബർ 24ന് ബംഗാളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്ക് കത്ത് നൽകിയിരുന്നു.
എന്യൂമറേഷൻ ഫോം വിവിധ കാരണങ്ങളാൽ സമർപ്പിക്കാത്തവരുടെ പേരുകൾ കരട് വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്തതിനെതിരെയാണ് സംഘടന പ്രധാനമായും എതിർപ്പ് അറിയിച്ചത്. പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ വോട്ടർപട്ടികയിൽനിന്ന് പേര് നീക്കം ചെയ്യാവൂ എന്നും, പേര് നീക്കം ചെയ്യുന്നതിന് മുമ്പ് ബന്ധപ്പെട്ട വ്യക്തിക്ക് വിശദീകരണം നൽകാൻ അവസരം നൽകണമെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
പേരുകൾ നീക്കം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം ഇആർഒമാർക്കാണ് നൽകുന്നതെങ്കിലും നിയമപരമായ നടപടികൾ പൂർത്തിയാക്കാൻ ആവശ്യമായ അവസരം ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നില്ലെന്നും സംഘടന ആരോപിച്ചു.
സംഘടനയുടെ കത്ത് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. സമാനമായ വിഷയം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനിലെ കമ്മിഷണർമാരായ സുഖ്‌ബിർ സിങ് സന്ധുവും വിവേക് ജോഷിയും ഉന്നയിച്ചിരുന്നതായ വിവരങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.


