തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന് പച്ചക്കറി വില. അയൽ സംസ്ഥാനങ്ങളിലെ മഴക്കെടുതി വിളവെടുപ്പിനെയും വരവിനെയും ബാധിച്ചതോടെയാണ് കേരളത്തിലും വില കുതിച്ചുയർന്നത്. ബീൻസ്, പയർ, ചെറിയ ഉള്ളി എന്നിവയുടെ വില കിലോയ്ക്ക് നൂറ് രൂപ കടന്നു. വെളുത്തുള്ളിയ്ക്ക് മാർക്കറ്റിൽ കിലോയ്ക്ക് 220 രൂപയായി.
ബീൻസ് കിലോയ്ക്ക് വില 120 രൂപയാണ്. 140 രൂപയിലേക്ക് എത്തിയിരിക്കുകയാണ് പയർ വില. ചെറിയ ഉള്ളിയുടെ വില നൂറു രൂപയും. ബീൻസിന് 30 രൂപയും പയറിന് 40 രൂപയും ചെറിയ ഉള്ളിക്ക് 40 രൂപയുമാണ് കിലോയ്ക്ക് കൂടിയത്. സവാള, തക്കാളി, പച്ചമുളക്, ഉരുളക്കിഴങ്ങ് എന്നി മറ്റു പച്ചക്കറികളുടെ ചില്ലറ വില വലിയ മാറ്റമില്ലാതെ തുടരുകയാണ്. വരുംദിവസങ്ങളിൽ ഉരുളക്കിഴങ്ങിനും വില കൂടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
അയൽ സംസ്ഥാനങ്ങളിലെ മഴക്കെടുതിയും വെള്ളപ്പൊക്കവും പച്ചക്കറികളുടെ വിളവെടുപ്പിനെയും വരവിനെയും കാര്യമായി ബാധിച്ചിട്ടുണ്ട്. പച്ചക്കറികളുടെ ലഭ്യത കുറഞ്ഞതോടെ വില വർധന രൂക്ഷമാവുകയായിരുന്നു. കേരളത്തിലേക്കുള്ള പച്ചക്കറികളിൽ ഭൂരിഭാഗവും അയൽ സംസ്ഥാനങ്ങളിൽ നിന്നാണ്.












