കൊച്ചി: പ്രിയദർശിനി ബസിൽ പെൺകുട്ടിയെ അപമാനിച്ചെന്ന പരാതി തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് സസ്പെൻഡ് ചെയ്യപ്പെട്ട കണ്ടക്ടർ മഹേഷ്. ആൺകുട്ടിയാണെന്ന് കരുതിയാണ് ടിക്കറ്റ് നൽകിയതെന്നും പെൺകുട്ടിയാണെന്ന് പറഞ്ഞതോടെ ക്ഷമ ചോദിച്ച് സീറോ ടിക്കറ്റ് നൽകിയെന്നും മഹേഷ് പറഞ്ഞു. ചില യാത്രക്കാരാണ് വിഷയം ഏറ്റുപിടിച്ചതെന്നും ഇത് പെൺകുട്ടിയെ പ്രകോപിപ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
താൻ യാതൊരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ലെന്നും 24 വർഷമായി ജോലി ചെയ്യുന്ന തനിക്കെതിരെ ഇതുവരെ ഇത്തരം പരാതികളൊന്നും ഉണ്ടായിട്ടില്ലെന്നും മഹേഷ് പറഞ്ഞു.
അതേസമയം, പറവൂരിൽ പ്രിയദർശിനി ബസിൽ പ്ലസ് ടു വിദ്യാർഥിനിയോട് മോശമായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്തെന്ന പരാതിയിൽ കണ്ടക്ടർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഗുരുവായൂർ–എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന എറണാകുളം ഡിപ്പോയിലെ ആർ.എസ്.എ 173 പ്രിയദർശിനി ബസിലാണ് സംഭവമുണ്ടായത്.
ശനിയാഴ്ച യാത്രയ്ക്കിടെ വിദ്യാർഥിനി സീറോ ടിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ നൽകാൻ കഴിയില്ലെന്ന് കണ്ടക്ടർ പറഞ്ഞെന്നാണ് പരാതി. തുടർന്ന് ‘പെൺകുട്ടിയാണെന്ന് കണ്ടാൽ തോന്നില്ല’ എന്ന് പറഞ്ഞ് അധിക്ഷേപിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ സംസാരിക്കുകയും ചെയ്തെന്നും പരാതിയിലുണ്ട്. യാത്രക്കാരിൽ ചിലരും തങ്ങളോട് മോശമായി പെരുമാറിയതായി വിദ്യാർഥിനി പരാതിപ്പെട്ടിരുന്നു.
സംഭവത്തിൽ പരാതിക്കാരിയെയും കണ്ടക്ടറെയും പറവൂർ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതി ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ കെഎസ്ആർടിസി അന്വേഷണം പ്രഖ്യാപിച്ചു. വിജിലൻസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടക്ടറുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെ തുടർന്ന് സിഎംഡിയുടെ നിർദേശപ്രകാരം മഹേഷിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയായിരുന്നു.


