ആലപ്പുഴ: കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധിത ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നതിനുള്ള സൗജന്യ കാലാവധി ഒരുവർഷത്തേക്ക് കൂടി നീട്ടി ആധാർ അതോറിറ്റിയായ യു.ഐ.ഡി.എ.ഐ. തീരുമാനം. ഏഴ് മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് 2027 സെപ്റ്റംബർ 30 വരെ സൗജന്യമായി ബയോമെട്രിക് വിവരങ്ങൾ പുതുക്കാം. നേരത്തേ ഈ മാസം 30 വരെയായിരുന്നു അവസരം.
രാജ്യത്ത് കോടിക്കണക്കിന് കുട്ടികളുടെ ബയോമെട്രിക് വിവരങ്ങൾ ഇതുവരെ പുതുക്കാത്ത സാഹചര്യത്തിലാണ് കാലാവധി നീട്ടിയത്. കേരളത്തിൽ മാത്രം ഏകദേശം 10 ലക്ഷം കുട്ടികൾക്ക് ബയോമെട്രിക് വിവരങ്ങൾ പുതുക്കാനുണ്ട്. വിരലടയാളം, ഇരുകണ്ണുകളുടെയും കൃഷ്ണമണിയുടെ അടയാളം, ഫോട്ടോ എന്നിവയാണ് സൗജന്യമായി പുതുക്കുന്നത്.
മാതാപിതാക്കളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കുട്ടികൾക്ക് ആദ്യമായി ആധാർ നൽകുന്നത്. ഈ ഘട്ടത്തിൽ സാധാരണയായി കുട്ടിയുടെ മുഖചിത്രം മാത്രമാണ് രേഖപ്പെടുത്തുന്നത്. അഞ്ച് വയസ്സ് പൂർത്തിയാകുമ്പോഴാണ് വിരലടയാളവും കൃഷ്ണമണിയുടെ അടയാളവും രേഖപ്പെടുത്തുന്നത്. കുട്ടികൾ വളരുന്നതിനനുസരിച്ച് ബയോമെട്രിക് വിവരങ്ങളിൽ മാറ്റമുണ്ടാകുന്നതിനാലാണ് 15 വയസ്സിലും നിർബന്ധമായും പുതുക്കൽ നടത്തുന്നത്.
പുതുക്കിയില്ലെങ്കിൽ ഭാവിയിൽ ബുദ്ധിമുട്ട്
ബയോമെട്രിക് വിവരങ്ങൾ സമയബന്ധിതമായി പുതുക്കിയില്ലെങ്കിൽ വിവിധ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുമ്പോഴും സ്കോളർഷിപ്പ്, ചികിത്സാ ആനുകൂല്യങ്ങൾ, റേഷൻ തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കുമ്പോഴും കൃത്യമായ ആധാർ വിവരങ്ങൾ ആവശ്യമാണ്.
ബാങ്ക് അക്കൗണ്ട് തുടങ്ങുമ്പോഴും മൊബൈൽ സിം കാർഡ് എടുക്കുമ്പോഴും വിരലടയാളം പൊരുത്തപ്പെടാത്തത് തടസ്സമാകാം. ആധാർ പ്രവർത്തനരഹിതമാകാനുള്ള സാധ്യതയുമുണ്ട്. പിന്നീട് പിഴയടക്കം നൽകി ആധാർ പുനഃസ്ഥാപിക്കേണ്ടിവരാം.
ആധാർ സേവനകേന്ദ്രങ്ങൾ, സ്കൂളുകളിൽ നടത്തുന്ന ക്യാമ്പുകൾ, ബാങ്കുകൾ, പോസ്റ്റോഫീസുകൾ എന്നിവിടങ്ങളിൽ ബയോമെട്രിക് വിവരങ്ങൾ പുതുക്കാം. പഴയ ആധാർ കാർഡുമായി കുട്ടി നേരിട്ട് എത്തിയാൽ പുതുക്കൽ നടത്താം.




