തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൊല്ലം സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചു. അമിത് ഷായുടെ വാഹനവ്യൂഹത്തിന് പ്രതിഷേധം മൂലം തടസ്സമുണ്ടായിട്ടില്ലെന്നും ആഭ്യന്തര മന്ത്രി എത്തുന്നതിന് മുമ്പ് പ്രതിഷേധക്കാരെ സ്ഥലത്തുനിന്ന് മാറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു.
കുണ്ടറയിലും അമൃതാനന്ദമയി മഠത്തിലുമായി നടന്ന പരിപാടികളിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അമിത് ഷായ്ക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ വാർത്തകളുടെ പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധം.
അതേസമയം, അമിത് ഷായുടെ സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായെന്ന് ആരോപിച്ച് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി.ബി. ഗോപകുമാർ കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു.
വിവിഐപി വാഹനം കടന്നുപോയ വഴിയിൽ നിന്ന് ഏകദേശം 50 മീറ്റർ അകലെ വരെ പ്രതിഷേധക്കാർക്ക് എത്താൻ കഴിഞ്ഞത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്നായിരുന്നു പരാതിയിലെ ആരോപണം. പ്രതിഷേധ സംഘത്തിൽ കൊല്ലം കോർപ്പറേഷൻ കൗൺസിലറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ഉൾപ്പെട്ടിരുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
വിവിഐപിയുടെ സുരക്ഷാ വലയത്തിലേക്ക് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള പ്രതിഷേധ സംഘത്തിന് എങ്ങനെ പ്രവേശിക്കാൻ കഴിഞ്ഞുവെന്നത് ഗൗരവമായി പരിശോധിക്കണമെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും ബി.ബി. ഗോപകുമാർ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ പ്രതിഷേധക്കാർ ആഭ്യന്തര മന്ത്രി എത്തുന്നതിന് മുമ്പ് തന്നെ മാറ്റിയെന്നും വാഹനവ്യൂഹത്തിന് തടസ്സമുണ്ടായിട്ടില്ലെന്നുമാണ് പൊലീസ് റിപ്പോർട്ടിലെ വിശദീകരണം.




