ഓഹരി വിപണിയിലെ ചട്ടലംഘന ആരോപണങ്ങളിൽ അദാനി ഗ്രൂപ്പിന് ആശ്വാസം. രണ്ട് വിദേശ പോർട്ട്‌ഫോളിയോ ഫണ്ടുകൾ വഴി അദാനി ഗ്രൂപ്പിന്റെ നാല് കമ്പനികളിൽ നടത്തിയ നിക്ഷേപങ്ങളിൽ ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിക്ക് പങ്കുണ്ടെന്ന് തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) വ്യക്തമാക്കി.
കുറഞ്ഞ പബ്ലിക് ഷെയർഹോൾഡിങ് ചട്ടങ്ങൾ ലംഘിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് സെബി അവസാനിപ്പിച്ചത്. എമർജിങ് ഇന്ത്യ ഫോക്കസ് ഫണ്ട്, ഇഎം റിസർജന്റ് ഫണ്ട് എന്നീ വിദേശ ഫണ്ടുകളുടെ നിക്ഷേപ തീരുമാനങ്ങളിൽ വിനോദ് അദാനി ഇടപെട്ടതിന് തെളിവുകളൊന്നും കണ്ടെത്താനായില്ലെന്ന് സെബി അറിയിച്ചു.
അദാനി എന്റർപ്രൈസസ്, അദാനി പവർ, അദാനി പോർട്ട്‌സ് ആൻഡ് സെസ്, അദാനി ട്രാൻസ്മിഷൻ (നിലവിൽ അദാനി എനർജി സൊല്യൂഷൻസ്) എന്നീ കമ്പനികളിലാണ് ഈ ഫണ്ടുകൾ നിക്ഷേപം നടത്തിയിരുന്നത്.




